ഫോര്‍മാലിന്‍ കലര്‍ത്തിയെന്ന് സംശയം; നാട്ടുകാര്‍ മീന്‍ലോറി തടഞ്ഞു

വടകര: വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി. 6 ടണ്‍ വരുന്ന 280 പെട്ടി കൂന്തല്‍ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പിടികൂടിയത്. കന്യാകുമാരി നിന്ന് കണ്ടൈനറില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു മത്സ്യം.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് വടകര ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം മത്സ്യവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞത്.

Loading...

മത്സ്യം പരിശോധിക്കാതെ വിടില്ലെന്ന നിലപാടെടുത്ത നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

ഇവര്‍ നടത്തിയ പ്രാഥമിക പരിശേധനയിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്. കണ്ടൈനര്‍ ലോറിയില്‍ 280 ബോക്‌സുകളിലായി കൂന്തലാണ് ഉണ്ടായിരുന്നത്.

വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. വടകര ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ സാബിനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കന്യാകുമാരി നിന്ന് മംഗലാപുരത്തേക്കുളള ലോഡാണെന്ന് ലോറി ജീവനക്കാര്‍ അറിയിച്ചു. പരിശോധനക്ക് ശേഷം പോലീസും ഭക്ഷ്യസുരക്ഷാവിഭാഗവും ലോറി കാസര്‍കോട് അതിര്‍ത്തി കടത്തി വിട്ടു.

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം അതിര്‍ത്തി കടന്ന് വരുന്നതായി കര്‍ണ്ണാടക ഭക്ഷ്യസുരക്ഷാവിഭാഗത്തിന് വിവരവും കൈമാറി.

കഴിഞ്ഞ ദിവസം നാഗപട്ടണത്ത് നിന്ന് എത്തിച്ച 4 ടണ്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വടകരയില്‍ വെച്ച്‌ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.