ഗോവ: പ്രശസ്ത ബ്രസീല്‍ താരം അഡ്രിയാനോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍.) കളിക്കാന്‍ എത്തിയേക്കും. ഗോവ എഫ്.സി. ടീമാണ് പ്രമുഖതാരത്തെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ബ്രസീലിന്റെ ഇതിഹാസതാരമായ സീക്കോയാണ് ഗോവ എഫ്.സി. ടീമിനെ പരിശീലിപ്പിക്കുന്നത്. സീക്കോ തന്നെയാണ് അഡ്രിയാനോയെ കൊണ്ടുവരാനുള്ള ശ്രമത്തിനുപിന്നില്‍.

ബ്രസീല്‍ ഫുട്‌ബോളില്‍ റൊണാള്‍ഡീഞ്ഞോയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന അഡ്രിയാനോ രാജ്യത്തിനുവേണ്ടി 48 മത്സരങ്ങളില്‍നിന്ന് 27 ഗോളുകള്‍ നേടി. 2000-2010 കാലത്താണ് ദേശീയ ടീമില്‍ അംഗമായിരുന്നത്. 2005-ല്‍ ബ്രസീലിനെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് അഡ്രിയാനോ. ആ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മികച്ച കളിക്കാരനുമായി. 2004-ല്‍ കോപ്പ അമേരിക്ക ജയിച്ച ബ്രസീല്‍ ടീമിലും അംഗമായിരുന്നു.

Loading...

തന്റെ ഫേസ്ബുക്ക് പേജിലാണ് സീക്കോ അഡ്രിയാനോയെ ഇന്ത്യന്‍ മണ്ണില്‍ കളിപ്പിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്. അഡ്രിയാനോ ഫുട്‌ബോളിന്റെ ലോകത്ത് വളര്‍ന്നുവരുന്നത് തുടക്കംതൊട്ടേ കണ്ട ആളാണ് ഞാന്‍. അവിടെ അദ്ദേഹം ഒട്ടേറെ നേട്ടങ്ങളുമുണ്ടാക്കി. ഇപ്പോള്‍, ഗോവ എഫ്.സി. ടീമിലേക്ക് ഞാന്‍ അഡ്രിയാനോയെ ക്ഷണിച്ചിട്ടുണ്ട്.’ സീക്കോ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് അഡ്രിയാനോയും തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ബ്രസീലുകാരനായ സാന്റോസ് ഐ.എസ്.എല്ലിന്റെ ആദ്യസീസണില്‍ ഗോവ ടീമില്‍ ഉണ്ടായിരുന്നു. ‘വെളുത്ത പെലെ’ എന്നറിയപ്പെടുന്ന സീക്കോ 1976 മുതല്‍ 86 വരെ ബ്രസീല്‍ ദേശീയ ടീമില്‍ കളിച്ചു. പിന്നീട് ജപ്പാന്‍, ഇറാഖ് ടീമുകളുടെ പരിശീലകനുമായിരുന്നു.