ഫോർമുല വൺ മുൻതലവൻ 89ാം വയസ്സിൽ വീണ്ടും പിതാവായി; മൂത്തമകൾക്ക് 65 വയസ്

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണ്‍ 89ാം വയസ്സില്‍ വീണ്ടും പിതാവായി. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ ആണ്‍കുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്ളോസിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി എക്ലസ്റ്റോണിന്റെ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബെര്‍ണി എക്ലസ്റ്റോണിന്റെ 44കാരിയായ ഭാര്യ ഫാബിയാന ഫ്ളോസി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെര്‍ണിക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റു മക്കള്‍. ‘ഞങ്ങൾക്കൊരു ആൺ കുഞ്ഞ് പിറന്നു, പേര് എയ്സ്. സന്തോഷമുണ്ട്’- എക്ലസ്റ്റോൺ പറഞ്ഞു. ”സുഖപ്രസവമായിരുന്നു. 25 മിനിറ്റ്കൊണ്ട് എല്ലാം കഴിഞ്ഞു. ദൈവത്തിന് നന്ദി”- ഫാബിയാന കൂട്ടിച്ചേർത്തു.

Loading...

മൂന്നു ഭാര്യമാരിലുമായി ബെര്‍ണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളില്‍ ഒരാള്‍ക്കു കൂടി കുഞ്ഞു ജനിച്ചതോടെ സന്തതി പരമ്പരയില്‍ നാലു തലമുറകളായി. രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം 2012 ലാണ് ബെര്‍ണി ഫാബിയാന ഫ്ളോസിയെ വിവാഹം ചെയ്തത്. 1958-ൽ കാർ ഡ്രൈവറായാണ് എക്ലസ്റ്റോൺ ഫോർമുല വൺ ടൂർണമെന്റിലെത്തുന്നത്. അവിടെ ശോഭിക്കാനായില്ല. പിന്നീട് ഒരു ടീമിന്റെ ഉടമയായി. 2017-ൽ ഫോർമുല വൺ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യുട്ടീവ് ആയി. 40 വർഷക്കാലത്തോളം ഫോർമുല വൺ മേധാവിയായിരുന്നു ഇദ്ദേഹം.