ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ന്യൂഡല്‍ഹി. ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായി അഖിലേഷ് യാദവ് ആമ് മകന്‍. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന ഗുപ്ത ഈ വര്‍ഷവും അന്തരിച്ചത്.

മുലായം സിങ് യാദവിനെ അനാരോഗ്യത്തെ തുടര്‍ന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതോടെ കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 1989ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് യുപി മുഖ്യമന്ത്രിയായത്. അതിന് ശേഷം കോണ്‍ഗ്രസ് ഉത്തരപ്രദേശില്‍ അധികാരത്തില്‍ വന്നിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണ മുഖ്യമന്ത്രിയായി. 1996 മുതല്‍ 1998 വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.

Loading...

യുപിയിലെ ഇറ്റാവ ജില്ലയിലെ സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായം ജനിച്ചത്. റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തില്‍ എത്തി. 1967ല്‍ ആദ്യമായി യുപി നിയമസഭയില്‍ എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി.