മനോനിലതെറ്റിയയാൾ മരിച്ച ഭാര്യയെത്തേടി അലഞ്ഞത് മുന്നൂറിലേറെ കിലോമീറ്റർ… ഓർമശക്തി ഇല്ലെങ്കിലും ഭാര്യയുടെ നമ്പർ മനഃപാഠം

മരിച്ച ഭാര്യയെത്തേടി നാടുനീളെ അലഞ്ഞ മനോനിലതെറ്റിയ ആളെ ഒടുവിൽ കണ്ടെത്തി. ഭാര്യ ശാന്തിയെത്തേടി വീടുവിട്ടിറങ്ങിയ ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവിൽ വിനയരാജിനെ(55)യാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് കണ്ടെത്തിയത്.

ജൂൺ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. ഇതുസംബന്ധിച്ച് പത്ര വാർത്ത വന്നിരുന്നു.ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓർമശക്തിക്കും തകരാർ സംഭവിച്ചു. ഭാര്യയെ അന്വേഷിച്ചാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു

മാർച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.

കോയമ്പത്തൂർ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റർ ദൂരെയാണ് കുംഭകോണം. വീടുവിട്ടിറങ്ങുമ്പോൾ ഇദ്ദേഹത്തിന്റെ കൈയിൽ മൊബൈൽ ഫോണോ പണമോ ഉണ്ടായിരുന്നില്ല.

കുംഭകോണത്തെത്തിയ വിനയരാജ് ഒരു സ്വകാര്യ ആസ്പത്രിയിലെ ആംബുലൻസ് ഡ്രൈവറുമായി സംസാരിക്കാനിടയായതാണ് വഴിത്തിരിവായത്. തന്റെ ഭാര്യയെ കാണാനില്ലെന്നും അന്വേഷിച്ചിറങ്ങിയതാണെന്നുമാണ് പറഞ്ഞത്. ഓർമശക്തിക്ക് കുഴപ്പമുണ്ടായിരുന്നെങ്കിലും ഭാര്യയുടെ ഫോൺ നമ്പർ ഇദ്ദേഹത്തിന് മനഃപാഠമായിരുന്നു.

ആംബുലൻസ് ഡ്രൈവറുടെ മൊബൈൽ ഫോണിൽനിന്നു ഭാര്യയുടെ ഫോണിലേക്കു വിളിച്ചതാണ് വിനയരാജിനെ കണ്ടെത്താൻ ബന്ധുക്കളെ സഹായിച്ചത്. ശനിയാഴ്ച രാത്രിതന്നെ ബന്ധുക്കൾ പോലീസുമായി കുംഭകോണത്തെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിലെ വീട്ടിൽ തിരിച്ചെത്തിച്ചത്.