ഗ്രേറ്റര്‍ ഹൂസ്റ്റണിലെ പെയര്‍ലാന്റില്‍ പുതിയ സീറൊമലബാര്‍ കത്തോലിക്കാ ദേവാലയത്തിന് തറക്കല്ലിട്ടു.

ഹൂസ്റ്റന്‍: പെയര്‍ലാന്‍ഡില്‍ പുതുതായി തുടങ്ങുന്ന സെന്റ് മേരീസ് സീറൊ മലബാര്‍ കത്തോലിക്കാ ദേവാലയത്തിനു തറക്കല്ലിട്ടു. ഏപ്രില്‍ 11-ാം തീയതി രാവിലെ 11:30ന് പുതിയ പള്ളിയുടെ ഗ്രൗണ്ട് ബ്രേക്കിംഗും തറക്കല്ലിടലിനും അനുബന്ധമായ തിരുകര്‍മ്മങ്ങള്‍ വിശുദ്ധ കുര്‍ബ്ബാനയോടെ സെന്റ് ജോസഫ് സീറൊ മലബാര്‍ ഫൊറാന പള്ളിയില്‍ തുടക്കമായി.

ചിക്കാഗൊ സീറൊമലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചിലെ സഹവികാരി ഫാദര്‍ വില്‍സന്‍ ആന്റണി എന്നിവര്‍ വിശുദ്ധകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികരായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പെയര്‍ലാന്റിലെ നിശ്ചിതമായ പുതിയ ചര്‍ച്ച് ലൊക്കേഷനില്‍ രൂപതാധ്യക്ഷന്‍ മാര്‍ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ ദേവാലയ നിര്‍മ്മാണത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള തിരുകര്‍മ്മങ്ങളും ആശീര്‍വാദങ്ങളും നടത്തി.4-St Marys Church Ground breaking news photo

Loading...

അമേരിക്കയിലെ സെന്റ് തോമസ് സീറൊമലബാര്‍ കത്തോലിക്കാ രൂപതയില്‍ പെട്ട ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറാന ദേവാലയത്തിന്റെ കീഴിലാണ് പെയര്‍ലാന്റിലെ പുതിയ ദേവാലയം. സെന്റ് മേരീസ് സീറൊ മലബാര്‍ കത്തോലിക്കാ ദേവാലയം എന്നാണ് പെയര്‍ലാന്റിലെ പുതിയ പള്ളിക്ക് നാമകരണം ചെയ്തിരിക്കുന്നത്.

പെയര്‍ലാന്റിലെ സെന്റ് മേരീസ് ഇടവകയില്‍ നിന്നും അതുപോലെ മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് ഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും വിശ്വാസികളും സജീവമായി പുതിയ ദേവാലയ കല്ലിടല്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പുതിയ പള്ളിയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ്, ഇന്‍ഡിപെന്‍ഡന്റ് ബാങ്ക് സി.ഇ.ഒ ജഫ് സ്മിത്ത്, ടെക്ക് പ്രൊ കണ്‍സ്ട്രക്ഷന്‍ ഒഫീഷ്യല്‍സ്, ട്രിയാഡ് കണ്‍സ്ട്രക്ഷന്‍ ഒഫീഷ്യല്‍സ്, സിസ്റ്റേര്‍സ് ഓഫ് സെന്റ് ഫ്രാന്‍സിസ് കബ്രീനി ചര്‍ച്ച് തുടങ്ങിയവര്‍ ഗ്രൗണ്ട് ബ്രേക്കിംഗ്, കല്ലിടല്‍ ചടങ്ങുകളില്‍ ആദ്യന്തം പങ്കെടുത്തു.

ഫാദര്‍ വില്‍സണ്‍ ആന്റണി മുഖ്യാതിഥികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ് പുതിയ ദേവാലയത്തെയും ദേവാലയ അംഗങ്ങളെയും സഹര്‍ഷം പെയര്‍ലാന്റിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ സഹായസഹകരണളും വാഗ്ദാനം ചെയ്തുകൊണ്ടും പ്രസംഗിച്ചു. പള്ളിയുടെ ട്രസ്റ്റി ജേക്കബ് തോമസ് സന്നിഹിതരായവര്‍ക്ക് നന്ദി രേഖപ്പെടുത്തി. പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ച് ബില്‍ഡിംഗ് കമ്മറ്റി അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്ന് കുടിയേറിയ ധാരാളം കുടുംബങ്ങള്‍ ഈ പുതിയ ദേവാലയത്തിന്റെ സമീപ പ്രദേശങ്ങളില്‍ അധിവസിക്കുന്നു. ഗ്രെയിറ്റര്‍ ഹൂസ്റ്റനിലെ പെയര്‍ലാന്റ്, ക്ലിയര്‍ലേക്ക്, പാസഡീന തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യന്‍ കാത്തോലിക്കാ മതവിശ്വാസികള്‍ക്ക് ഒരനുഗ്രഹമാണ് ഈ പുതിയ ഇടവകയും ദേവാലയവും. നിലവിലുള്ള മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്കാ ഇടവക കുടുംബങ്ങളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ ചിക്കാഗോ രൂപതയിലെ ചിക്കാഗോ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണലങ്കരിക്കുന്നത്. താല്‍ക്കാലികമായി സെന്റ് ജോസഫ്‌സ് ചര്‍ച്ചിലെ വികാരി അച്ചനാണ് പെയര്‍ലാന്റിലെ പുതിയ ഇടവകയുടെയും ചാര്‍ജ്ജ് വഹിക്കുന്നത്.

5-St Marys church Ground breaking news photo 6- St Marys Church Ground breaking news photo