വിവാഹ സ്വപ്‌നങ്ങളുമായി എത്തി, ഇപ്പോഴും നടുക്കത്തില്‍ നിന്നും മോചിതരാകാതെ നാലംഗകുടുംബം

പട്ടാമ്പി: ഇപ്പോഴും ആ വലിയ നടുക്കത്തില്‍ നിന്നും പട്ടാമ്പി സ്വദേശികളായ നാലംഗ കുടുംബം മോചിതരായിട്ടില്ല. പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി അഴകത്ത് മനയില്‍ പരമേശ്വരന്‍, രവിശങ്കര്‍, ഭാര്യ താരാ ശങ്കര്‍, മകള്‍ അയന രവിശങ്കര്‍ എന്നിവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു. പരമേശ്വരന്റെ വിവാഹത്തിനായിട്ടാണ് ഇവര്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇപ്പോഴും ജീവന്‍ തിരികെ കിട്ടിയത് വിശ്വസിക്കാനായിട്ടില്ല അവര്‍ക്ക്.

ഗുരുതര പരുക്കേറ്റ പരമേശ്വരന്‍, സഹോദരന്‍ രവി ശങ്കര്‍, ഭാര്യ താരാ ശങ്കര്‍, മകള്‍ അയന രവിശങ്കര്‍ എന്നിവര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരമേശ്വരന്റെ വിവാഹം നിശ്ചയിച്ചിരുന്നത് സെപ്റ്റംബര്‍ പത്തിനാണ്. വിവാഹത്തിന് ക്വാറന്റീന്‍ കാലാവധി കൂടി കണക്കിലെടുത്ത് നാല് പേരും നേരത്തെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നാല് പേരുടെയും കാലിന്റെ എല്ലിനും മുഖത്തും നട്ടെല്ലിനും പരുക്ക് പറ്റിയിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

Loading...

15 വര്‍ഷമായി ദുബായിലാണ് രവിശങ്കര്‍. ബയോ മെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. പരമേശ്വരന്‍ മൂന്ന് വര്‍ഷമായി ദുബായിലാണ്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് രവിശങ്കറിന്റെ ഭാര്യ താര. ഒരു വര്‍ഷം മുമ്പായിരുന്നു ഇവര്‍ നാട്ടില്‍ വന്ന് തിരികെ പോയത്. ഇപ്പോള്‍ പരമേശ്വരന്റെ വിവാഹത്തിനായിട്ടായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. തൃശൂര്‍ സ്വദേശിനിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിമാനം കരിപ്പൂരില്‍ എത്തുന്ന സമയത്ത് നല്ല മഴയായിരുന്നു. പെട്ടെന്ന് ഭയങ്കര ശബ്ദം ഉണ്ടായി. പിന്നീട് ഒന്നും ഓര്‍മ്മയില്ലെന്ന് ഇവര്‍ പറഞ്ഞു.