കേരളത്തില്‍ മരണം തുടര്‍ച്ചയാകുന്നോ ? ഇന്ന് മരിച്ചത് നാല് പേര്‍

കൊല്ലം: സംസ്ഥാനം ആശങ്കയുടെ മുനമ്പിലാണ്. ദിനംപ്രതി ആയിരത്തിലധികം കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങളിലായി ഇതുപോലെ തന്നെ മരണസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും ഒന്നില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചേയ്യുന്ന സാഹചര്യത്തിലേക്കാണ് നമ്മള്‍ എത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു. കൊല്ലം ചെറിയ വെളിനെല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിയിലിരിക്കെ രോഗം ഗുരുതരമായി. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്ത കൊവിഡ് മരണമാണിത്.

കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചിരുന്നു. കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മരിച്ച മൂന്ന് പേരും മറ്റ് രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദര്‍ (62) ആണ് കാസര്‍കോട് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കാന്‍സര്‍ ബാധിതനായിരുന്ന ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയും (63) ഇന്ന് മരിച്ചു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവര്‍ക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് ഇന്ന് രാവിലെ മരിച്ചു.

Loading...

70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം, ആലുവയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെമരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുയാണ്. ആലുവ യുസി കോളേജ് കടപ്പിള്ളി വളവിന്‍മാലില്‍ സതി (64) ആണ് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക റിലീസ് പ്രകാരം 84 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരില്‍ 70 ശതമാനം പേരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.