സുനി ഒന്നാമത് , ദിലീപ് പിന്നാലെ ; ഇനി നാല് ദിനം

തിരുവനന്തപുരം: ഒരു കുറ്റാന്വേഷണ സിനിമാ തിരക്കഥയേക്കാളും സങ്കീര്‍ണമായ തരത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഘട്ടങ്ങള്‍ കടന്ന് പോയത്. ദിലീപിന്റെ അറസ്റ്റായിരുന്നു അന്വേഷണത്തിലെ വന്‍ട്വിസ്റ്റ്. കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

സിനിമാ രംഗത്തും പുറത്തുമുള്ള നൂറിലേറെപ്പേരെ ചോദ്യം ചെയ്തും മൊഴി രേഖപ്പെടുത്തിയും തെളിവുശേഖരണം നടത്തിയും സംഭവബഹുലമായിരുന്നു കേസിന്റെ നാൾവഴികൾ. ഒടുക്കം ദിലീപ് രക്ഷപ്പെടാനാവാത്ത വിധം കുരുക്കാൻ പോലീസ് ഒരു നിര്‍ണായക നീക്കത്തിന് ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അഴിയെണ്ണാന്‍ തുടങ്ങിയിട്ട് 90 ദിവസം തികയാന്‍ പോവുകയാണ്. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുള്ളതാണ്. ആറാം തിയ്യതി കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് അറിയുന്നത്. ദിലീപിനെ അടപടലം പൂട്ടാനുതകുന്ന തരത്തിലുള്ള കുറ്റപത്രം ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സിനിമയിലെ ഉന്നതന്‍ ഉള്‍പ്പെട്ട കേസില്‍ പിഴവുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കുന്നത്.

ഈ കേസിലെ വിജയം സര്‍ക്കാരിനേയും പോലീസിനേയും സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണം എന്ന ആവശ്യം പോലീസ് ഉന്നയിച്ചേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കേസിന്റെ വിചാരണ നീണ്ടുപോകാതിരിക്കാനും പ്രതികളുടെ കാര്യത്തില്‍ വേഗത്തിലൊരു തീരുമാനമെടുക്കാനും പ്രത്യേക കോടതിയുടെ സേവനം ഉപകരിക്കും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാവും പോലീസ് തീരുമാനമെടുക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നു.

വ്യക്തി വൈരാഗ്യം മൂലം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ദിലീപിനെതിരെ പോലീസിന് തെളിയിക്കേണ്ടത്. വര്‍ഷങ്ങളോളം നീണ്ട ഗൂഢാലോചനയാണ് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് എന്നാകും പോലീസ് കുറ്റപത്രത്തില്‍ പ്രധാനമായും തെളിയിക്കാന്‍ ശ്രമിക്കുക. പള്‍സര്‍ സുനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന എല്ലാ കൃറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ട് എന്നാണ് പോലീസ് സമര്‍ത്ഥിക്കുന്നത്. കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ രണ്ടാം പ്രതിയുമാക്കിയാവും കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.