ന്യൂയോര്‍ക്ക്: ബ്രോങ്കേഴ്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സപ്തതി മെയ് 31-ാം തിയതി ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു.

അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു 1995 -ല്‍ ബിഷപ്പ് സിനഡ് അമേരിക്കയിലേക്ക് അയച്ച ജോസച്ചന്റെ പ്രയത്‌ന ഫലം കൂടിയാണ് ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ച. ചിക്കാഗോയില്‍ ആരംഭിച്ച്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വിശ്വാസികളെ സംഘടിപ്പിക്കുവാനും പള്ളി സ്ഥാപിക്കുവാനും ജോസച്ചന്‍ മുന്‍കൈ എടുത്തിട്ടുണ്ട്.

Loading...

മെയ് 31-ാം തിയതി ഞായറാഴ്ച 4 മണിക്ക് ജോസച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയോടുകൂടി സപ്തതി ആഷോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പൊതു സമ്മേളന ഹാളിലേക്ക് ജോസച്ചനെ ആനയിക്കും. അനുമോദനയോഗം സീറോ മലങ്കര ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. വിവിധ വൈദിക ശ്രേഷ്ഠര്‍, സന്യാസിനികള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ജോസച്ചന്റെ സപ്തതി ആഷോഷങ്ങളില്‍ പങ്കെടുക്കുവാന്‍ അച്ചന്റെ എല്ലാ സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും, ഇടവകക്കുവേണ്ടി അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.