പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റോബിൻ വടക്കും ചേരിയെ രാജ്യം വിടാൻ സഹായിച്ചത് മറ്റൊരു വൈദികൻ

കണ്ണൂർ:കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു വൈദികനും പങ്ക്.പെൺകുട്ടിയെ പീഡിപ്പിച്ച ഫാദർ റോബിൻ വടക്കുംചേരിക്കു രാജ്യംവിടാൻ സൗകര്യമൊരുക്കിയത് ഈ വൈദികനാണ്. കേസിൽ പ്രതിയാണെന്ന് അറിഞ്ഞശേഷവും ഈ വൈദികൻ സഹായം നൽകിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം കൂടിയേക്കും. അതേസമയം, പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനധികൃതമായി സൂക്ഷിച്ച വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്‌ള്യുസി) അംഗങ്ങളും പ്രതിയായേക്കും. ഈ സൂചനയെത്തുടർന്ന് സിഡബ്‌ള്യുസി ചെയർമാൻ ഫാ. തോമസ് തേരകവും കമ്മിറ്റി അംഗം സിസ്റ്റർ ബെറ്റിയും ഒളിവിലാണ്.ഇരുവരെയും കമ്മിറ്റിയിൽനിന്നു പുറത്താക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവ് സർക്കാർ നാളെ പുറത്തിറക്കിയേക്കും.നേരത്തേ, പെൺകുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവയ്ക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നെന്നു വ്യക്തമായിരുന്നു. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കുഞ്ഞിനെ വയനാട് സിഡബ്‌ള്യുസി ഏറ്റെടുത്തത്. റജിസ്റ്ററിൽ പെൺകുട്ടിയുടെ പ്രായം 16 എന്നതിനുപകരം 18 എന്നെഴുതി ചേർക്കുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതി എത്തിച്ച കുഞ്ഞിനെ 20നാണ് അധികൃതർക്കുമുന്നിൽ ഹാജരാക്കിയത്. എസ്എസ്എൽസി ബുക്കിലും പ്രായം തിരുത്തിയെന്നും കണ്ടെത്തി. വ്യാജ രേഖയിൽ സിഡബ്‌ള്യുസി ചെയർമാൻ ഒപ്പുവച്ചതായും കണ്ടെത്തിയിരുന്നു.കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയെകൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളാണ്. ഡോക്ടർമാർ കൂടിയായ സിസ്റ്റർ ടെസി ജോസ്, സിസ്റ്റർ ആൻസി മാത്യു, ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ അനീസ, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോ. ഹൈദരാലി തുടങ്ങിയവരാണു പ്രതികൾ. എല്ലാ പ്രതികൾക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം ചുമത്തി. റോബിനെ കൂടാതെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.എല്ലാവരും ഒളിവിൽ പോയെന്നാണ് സംശയം.