പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

പാരിസ്: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിലാണ് അന്വേഷണം. മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയപാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ലെ മൊണ്ടെ, എ.എഫ്.പി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരും ചാരവൃത്തിക്ക് ഇരയായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Loading...

പെഗസസ് വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് ഫ്രാന്‍സ്. മൊറോക്കോ ഇന്‍റലിജന്‍സ് പെഗസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 300ഓളം പേരുടെ മൊബൈല്‍ ഫോണുകള്‍ പെഗസസ് വഴി ഹാക്ക് ചെയ്യപ്പെട്ടതായി മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, സുപ്രീംകോടതി ജഡ്ജി തുടങ്ങിയവര്‍ ഫോണ്‍ ചോര്‍ത്തലിനിരയായവരുടെ പട്ടികയിലുണ്ട്. എന്നാല്‍, സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്.