ഫ്രാന്‍സില്‍ ജോലി വാ​ഗ്ദാനം ചെയ്ത് നാലരക്കോടി രൂപ തട്ടിയെടുത്തു; തട്ടിപ്പ് പണം ഉപയോ​ഗിച്ച് പോളണ്ടില്‍ ഫ്ലാറ്റ് വാങ്ങി

പാലാ : ഫ്രാന്‍സില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 40 പേരില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത സംഘത്തെ കിടങ്ങൂര്‍ പൊലീസ് പിടികൂടി. കോഴിക്കോട് പള്ളിപ്പാടം പറമ്ബ് നൊട്ടികണ്ടത്തില്‍ എന്‍.കെ അക്ഷയ് (26), കൊല്ലം കരവാളൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ അജി (36) എന്നിവരെയാണ് ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, കിടങ്ങൂര്‍ സിഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കിടങ്ങൂര്‍ പിറയാര്‍ അടയാനൂര്‍ ബിനു ജോണിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫ്രാന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് ബിനുവില്‍ നിന്ന് 10.65 ലക്ഷം രൂപ അക്ഷയ്‌യും അജിയും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. ഈ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.
പഞ്ചാബിലെ സിര്‍ക്പുര്‍ എന്ന സ്ഥലത്ത് ഇരുവരും ഒളിവില്‍ കഴിയുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എഎസ്‌ഐമാരായ സിബി, സ്റ്റാന്‍ലി പൊലീസുകാരായ അരുണ്‍ചന്ദ്, ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പഞ്ചാബിലെത്തി 26ന് പുലര്‍ച്ചെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Loading...

പുനലൂര്‍, രാമമംഗലം, കൊരട്ടി, കളമശേരി പൊലീസ് സ്‌റ്റേഷനുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഇരുവര്‍ക്കുമെതിരെ കേസുണ്ട്. തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ അക്ഷയ് പോളണ്ടില്‍ 2 കോടി രൂപ വിലയുള്ള 2 ഫ്ലാറ്റുകള്‍ വാങ്ങിയിരുന്നതായി സിഐ സിബി തോമസ് പറഞ്ഞു. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണു സൂചന. പ്രതികളെ ഇന്നലെ ഏറ്റുമാനൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.