മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം താന്‍ ഒഴിയാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ആഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയത്. മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ പറഞ്ഞു.

ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കാൽമുട്ട് വേദന കാരണം മാർപാപ്പ അടുത്തിടെ വീൽചെയറിൽ പൊതുവേദികളിൽ എത്തിയിരുന്നു. ചില വിദേശയാത്രകൾ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാർപാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

Loading...