സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധന: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണം, സ്മാര്‍ട്ട്‌ഫോണ്‍, സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധനയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാസത്തെ അവധിക്കുശേഷം ഇന്നലെ പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടിയില്‍ സ്വന്തം രൂപം ഏറെനേരം ആസ്വദിക്കുന്നതും വിഗ്രഹാരാധനയാണെന്നും അതും സ്‌നേഹവും ഒരിക്കലും ഒത്തുപോകില്ലായെന്നും വിശ്വാസികള്‍ വിഗ്രഹങ്ങളെ ജനലിനു പുറത്തേക്കു വലിച്ചെറിയണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമായി കണ്ണാടിക്ക് മുന്നില്‍ എത്രനേരമാണ് ചിലര്‍ ചിലവഴിക്കുന്നത്. അതും വിഗ്രഹാരാധനയാണ്. ധനം ജീവിതത്തെ കവര്‍ന്നെടുക്കുന്നു. ലൗകികസുഖങ്ങള്‍ ഏകാന്തതയിലേക്കാനയിക്കുന്നു. സമ്പദ്ഘടനകള്‍ കൂടുതല്‍ നേട്ടത്തിനായി മനുഷ്യജീവനുകളെ കുരുതികഴിക്കുന്നു. തൊഴില്‍രഹിതരെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. എന്തുകൊണ്ട് അവര്‍ക്ക് തൊഴിലില്ല? കൂടുതല്‍ സമ്പാദിക്കുന്നതിനായി തൊഴില്‍ ദാതാക്കാള്‍ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നതാണ് കാരണം. ജീവിതങ്ങളും കുടുംബങ്ങളും നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്നും ഒരു വിഗ്രഹമാണ്. ഈ വിഗ്രഹത്തെ പൂജിച്ചുകൊണ്ട് ആരോഗ്യവും ജീവന്‍ തന്നെയും നശിപ്പിക്കുന്ന യുവതീയുവാക്കള്‍ ഏറെയാണ്!

Loading...

വിഗ്രഹങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുകയാണ്. പക്ഷേ സത്യത്തില്‍, അത് ജീവന്‍ എടുക്കുകയാണ് ചെയ്യുന്നത്. നേരെമറിച്ച് സത്യദൈവമാകട്ടെ ജീവന്‍ ആവശ്യപ്പെടുന്നില്ല, സമ്മാനിക്കുന്നു. നമ്മുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു വീക്ഷണമല്ല സത്യദൈവം നമുക്കേകുന്നത്, പ്രത്യുത സ്നേഹിക്കാന്‍ അവിടുന്ന് പഠിപ്പിക്കയാണ് ചെയ്യുന്നത്. എന്നാല്‍ വിഗ്രഹങ്ങള്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അവതരിപ്പിക്കുകയും വര്‍ത്തമാനകാലത്തെ അവമതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സത്യദൈവം അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പഠിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ നാം എല്ലാ വിഗ്രഹങ്ങളിലും നിന്നു മുക്തരാകണമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.