തുടർച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരായില്ല: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി: അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.

കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യക്കാർക്കെതിരേയും കേസെടുത്തു. കേസ് ഓഗസ്റ്റ് പതിമൂന്നിന് വീണ്ടും പരിഗണിക്കും. കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്.

Loading...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. ജാമ്യക്കാർക്കെതിരെ കോടതി ഇന്ന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഓ​ഗസ്റ്റ് 13ന് വീണ്ടും പരി​ഗണിക്കും.