ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു: കൊവിഡ് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 13 കോടതിയിൽ ഹാജരാകാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്. ബിഷപിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു നടപടി. കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്.

Loading...

എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്. കേസ് ഓഗസ്റ്റ് പതിമൂന്നിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.