പ്രമുഖ വ്യവസായിയെ കബളിപ്പിച്ച് 70 ലക്ഷം തട്ടിയെടുത്ത ഒരു കുടുംബത്തിലെ നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ കബളിപ്പിച്ച് 70 ലക്ഷം തട്ടിയെടുത്ത ഒരു കുടുംബത്തിലെ നാലുപേര്‍ അറസ്റ്റില്‍. തിന്ത്‌ലു സ്വദേശിയായ കൃഷ്ണദാസിനെയാണ് ഇവര്‍ ഗൂഢാലോചന നടത്തി തട്ടിപ്പിനിരയാക്കിയത്. റാണി, മകള്‍ പ്രീതി, പ്രീതിയുടെ ഭര്‍ത്താവ് മണികണ്ഠന്‍, റാണിയുടെ സഹോദരന്‍ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

സംഭത്തിന് പിന്നിലെ പശ്ചാത്തലം പരിശോധിച്ച പോലീസ് ഞെട്ടി. സിനിമ പോലും തോറ്റുപോകുന്നതായിരുന്നു സംഭവങ്ങള്‍..

കൃഷ്ണദാസും റാണിയും ഏറെ നാളായി പ്രണയത്തിലാണ്. റാണി തന്റെ കുടുംബപ്രശ്‌നങ്ങളെല്ലാം കൃഷ്ണദാസുമായി പങ്കുവെച്ചിരുന്നു. വ്യവസായിയായ കൃഷ്ണദാസില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ റാണിയാണ് തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയത്. മകന്റെ കോളേജ് ഫീസ് അടക്കാനെന്ന പേരില്‍ 30,000 രൂപ കടം വാങ്ങിയാണ് റാണി തുടങ്ങിയത്. പിന്നീട് ഭര്‍ത്താവിന്റെ ചികിത്സാച്ചെലവിനായി രണ്ടേമുക്കാല്‍ ലക്ഷവും വാങ്ങി. ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാന്‍ കൃഷ്ണദാസ് റാണിക്ക് നല്‍കിയത് മൂന്ന് ലക്ഷം രൂപ. പിന്നീട് പണം ചോദിച്ചപ്പോള്‍ കൃഷ്ണദാസ് കൊടുക്കാന്‍ വിസ്സമതിച്ചു. ഇതോടെ റാണി കുടുംബത്തോടൊപ്പം പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തി.

കുടുംബം തയ്യാറാക്കിയ പദ്ധതിയനുസരിച്ച് റാണി കൃഷ്ണദാസിനെ വീട്ടിലേക്ക് ക്ഷണിച്ചു. റാണിയുടെ സഹോദരന്‍ പ്രസാദും മരുമകന്‍ മണികണ്ഠനും പോലീസ് വേഷത്തില്‍ വീട്ടില്‍ റെയ്ഡ് നടത്തുന്നതായി അഭിനയിച്ചു. റെയ്ഡില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ കൃഷ്ണദാസില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. ജൂലൈയില്‍ പോലീസുകാരെന്ന വ്യാജേന പ്രസാദും മണികണ്ഠനും ചേര്‍ന്ന് കൃഷ്ണദാസിനെ വിളിച്ച് റാണി കൊല്ലപ്പെട്ടെന്ന് അറിയിച്ചു. കൃഷ്ണദാസ് ആണ് കൊലക്ക് പിന്നിലെന്ന സംശയവും ഇരുവരും അറിയിച്ചു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ കൃഷ്ണദാസ് 30 ലക്ഷം നല്‍കി. പിന്നീട് സെപ്തംബറില്‍ കേസ് പുനരാരംഭിക്കുകയാണെന്നും 20 ലക്ഷം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്വത്തുക്കളില്‍ ചിലത് പണയം വെച്ചാണ് കൃഷ്ണദാസ് ഈ തുക നല്‍കിയത്.

ഒക്ടോബറില്‍ കൃഷ്ണദാസിനെ വിളിക്കുന്നത് റാണിയുടെ മകള്‍ പ്രീതി. അമ്മയുടെ കൊലപാതകക്കേസ് പോലീസിന് പണം നല്‍കി ഒതുക്കിത്തീര്‍ത്തതില്‍ വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. പ്രീതി ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം കൃഷ്ണദാസ് നല്‍കുകയും ചെയ്തു. നവംബറില്‍ വ്യാജ പോലീസ് വിളിച്ച് 65 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് കൃഷ്ണദാസിന് സംശയം തോന്നിയത്. ഇതോടെ നന്ദിനി ലേ ഔട്ടിലെ പോലീസ് സ്റ്റേഷനിലെത്തി കൃഷ്ണദാസ് പരാതി നല്‍കി.

പിന്നീട് പോലീസ് നിര്‍ദേശിച്ച പ്രകാരം വ്യാജ പോലീസിനോട് പണം നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ചു. പണം വാങ്ങാന്‍ പോലീസ് വേഷത്തിലെത്തിയ പ്രസാദിനെയും മണികണ്ഠനെയും പോലീസ് പിടികൂടി.

Top