മടിശ്ശീല നോക്കാതെ വിശപ്പു നോക്കി ആഹാരം വിളമ്പുന്ന സൈഖ

ദോഹ: പണമില്ലെങ്കില്‍ എത്ര വിശന്നാലും ഒരു ഹോട്ടലില്‍ കയറി വല്ലതും കഴിക്കാന്‍ പറ്റുമോ? സ്വന്തം നാട്ടില്‍ പോലും അക്കാര്യത്തെ കുറിച്ച്‌ ചിന്തിക്കേണ്ടെന്ന്‌ നമുക്ക്‌ അറിയാം. എന്നാല്‍, ഖത്തറിലെ മരുഭൂമിയില്‍ കഷ്‌ടപ്പെടുന്ന തൊഴിലാളികള്‍ക്ക്‌ ഒരു ഹോട്ടലില്‍ നിന്ന്‌ നല്ല ഇന്ത്യന്‍ ഭക്ഷണം ലഭിക്കും. പണം ഉണ്ടെങ്കില്‍ കൊടുക്കാം, ഇല്ലെങ്കിലോ? വിശക്കുമ്പോള്‍ വീണ്ടും ചെന്ന്‌ കഴിക്കണം, അത്ര തന്നെ!

ഖത്തറിന്റെ തലസ്‌ഥാാനം ദോഹയിലെ പളപളപ്പുകളില്‍ നിന്ന്‌ 16 കി.മീ അകലെ അധികം പ്രശസ്‌തമല്ലാത്ത ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലാണ്‌ ‘സൈഖ’ എന്ന ഹോട്ടല്‍ മടിശ്ശീലയുടെ കനം നോക്കാതെ വിശക്കുന്നവര്‍ക്കായി തുറന്നു വച്ചിരിക്കുന്നത്‌. നിങ്ങള്‍ക്ക്‌ വിശക്കുന്നുണ്ടെങ്കില്‍ കൈയില്‍ പൈസയില്ലെങ്കിലും ഭക്ഷണം കഴിക്കാം എന്നൊരു ബോര്‍ഡാണ്‌ ഹോട്ടലില്‍ എത്തുന്നവരെ സ്വീകരിക്കുന്നത്‌. ഡല്‍ഹി സ്വദേശികളായ ഷദാബ്‌ ഖാനും (47) ഇളയ സഹോദരന്‍ നിഷാബും ചേര്‍ന്നാണ്‌ ഹോട്ടല്‍ നടത്തുന്നത്‌. ആഴ്‌ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയും ഹോട്ടലിനുണ്ട്‌.

Loading...

ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പലര്‍ക്കും കുറഞ്ഞ ശമ്പളമാണുളളത്‌. അവര്‍ ഭക്ഷണത്തിനായി ചെലവിട്ടാല്‍ വീട്ടിലേക്ക്‌ അയക്കാന്‍ പണം കാണില്ല. അതിനാലാണ്‌ സൗജന്യ ഭക്ഷണം നല്‍കുന്ന ഹോട്ടല്‍ എന്ന ആശയം നടപ്പിലാക്കിയതെന്ന്‌ സിനിമാ നിര്‍മ്മാതാവു കൂടിയായ ഷദാബ്‌ പറയുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളെ ലക്ഷ്യമിട്ടാണ്‌ ഹോട്ടല്‍ തുറന്നിരിക്കുന്നത്‌.

പലരും ഒരു റിയാല്‍ മാത്രം ചെലവിട്ട്‌ ബ്രഡും വെളളവും മാത്രം കഴിച്ച്‌ വിശപ്പകറ്റുന്നത്‌ കണ്ടാണ്‌ ഡല്‍ഹി സഹോദരന്‍മാര്‍ സൗജന്യമായി ആഹാരം നല്‍കുന്നതിനെ കുറിച്ച്‌ ആലോചിച്ചത്‌. എന്നാല്‍, സൗജന്യ ഭക്ഷണം നല്‍കി ആഴ്‌ചകള്‍ പിന്നിട്ടിട്ടും ദിവസം മൂന്ന്‌ പേരില്‍ കൂടുതല്‍ ഇളവ്‌ തേടുന്നില്ല എന്നും ഷബാബ്‌ പറഞ്ഞു.

കെട്ടിട ഉടമയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ‘സൈഖ’ ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്ന്‌ മാറ്റിസ്‌ഥാപിക്കാന്‍ സാധ്യതയുണ്ട്‌. പുതിയ ഹോട്ടലില്‍ സൗജന്യ ഭക്ഷണം വേണ്ടുന്നവര്‍ക്ക്‌ ഹോട്ടലില്‍ കയറാതെ തന്നെ അത്‌ ലഭ്യമാക്കാനുളള പദ്ധതി നടപ്പാക്കും. ഇവര്‍ക്കായി ഭക്ഷണ പാക്കറ്റുകള്‍ അടങ്ങിയ റെഫ്രിജറേറ്റര്‍ കടയ്‌ക്ക് പുറത്തു വയ്‌ക്കാനാണ്‌ തീരുമാനം.