ഇനി വിശന്ന വയറുമായി ആരും അലയേണ്ടതില്ല; വിശക്കുന്നവർക്ക് വയർ നിറയെ ഭക്ഷണം നൽകാനായി ഈ ബസ്റ്റോപ് കാത്തിരിപ്പുണ്ട്

വിശന്ന് വലയുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ഇതാ യുവാക്കളുടെ ഒരു കൂട്ടായ്മ. ച്ചയൂണുമായി നിങ്ങള്‍ക്ക് മുന്നില്‍ ദൈവദൂതരായി എത്തുന്ന ഒരു സംഘം ചെറുപ്പക്കാര്‍ വടൂക്കരയിലെ മദര്‍ ജനസേവ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജെയ്‌സണ്‍ പോളും കൂട്ടുകാരുമാണ്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്കു 12 മുതൽ രണ്ടു വരെയാണ് ഭക്ഷണം നൽകുക. ഭിക്ഷക്കാരെന്നോ തെരുവിൽ അലയുന്നവരെന്നോ എന്നൊന്നുമില്ല, കൈയ്യിൽ പണമില്ലാതെ വിശപ്പു സഹിച്ച് നടക്കുന്ന ആർക്കും ഊണ് കഴിക്കാൻ ഇവിടെയെത്താം.

100 മുതൽ 150 പേർക്കാണു ദിവസവും സൗജന്യ ഊണു വിളമ്പുന്നത്. വടൂക്കര പള്ളിക്കടുത്തുള്ള ജെയ്‌സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ദിവസവും രാവിലെ ഏഴരയ്ക്കു ഇവിടേയ്ക്കുള്ള ഭക്ഷണത്തിനായി പാചകം തുടങ്ങും. വാങ്ങുന്നവരിൽ പലരും കറികൾ മാത്രമെടുത്ത് ചോറ് കളയുകയാണെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ പൊതിച്ചോറ് വിതരണം നിർത്തുകയും കഞ്ഞിയും പുഴുക്കും നേരിട്ടു വിളമ്പി നൽകിയാലോ എന്ന ചിന്തയ്ക്ക് തുടക്കവുമായി. അങ്ങനെയാണു പട്ടാളം റോഡിലെ യാത്രക്കാരില്ലാത്ത ബസ് സ്റ്റോപ്പിൽ കഞ്ഞിയും പുഴുക്കും വിളമ്പിത്തുടങ്ങിയത്. 6 മാസം പിന്നിട്ടപ്പോൾ അത് ഊണിലേക്കു വഴിമാറി. ദിവസേന 5,000 ത്തോളം രൂപ ഇപ്പോൾ ചെലവുണ്ട്. നേരിട്ടും ഫോൺ വിളിച്ചുമൊക്കയാണ് സഹായങ്ങൾ സ്വരൂപിക്കുന്നതെന്ന് ചെയർമാൻ ജെയ്‌സൺ പോൾ പറഞ്ഞു. നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് ഇവരുടെ മുദ്രാവാക്യം.

Loading...

ഈ സത്പ്രവര്‍ത്തിയില്‍ ഭാഗമാകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മടിക്കാതെ – 7025907269-ഈ നമ്ബറിലേക്ക് വിളിക്കാം.