സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

Loading...

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനം. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കണക്ഷനും ലഭിക്കും.

പൗരന്മാരുടെ അവകാശമായി ഇന്റർനെറ്റ് പ്രഖ്യാപിച്ച കേരളം, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.

Loading...

ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബിയും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടർ നൽകിയത്.

2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ നല്ല നിലയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് നിലവിൽ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയിൽ വൻ കുതിപ്പിന് ഇതു വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ വലിയ വികസന സാധ്യത തെളിയും.

മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ ലഭ്യമാക്കും. സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കാൻ കഴിയും. ഇ-ഹെൽത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനാകും.

ഐ.ടി. പാർക്കുകൾ, എയർ പോർട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്ക് ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് ഇ-കൊമേഴ്സ് വഴി വിൽപ്പന നടത്താം.

ഉയർന്ന നിലവാരമുള്ള വീഡിയോ കോൺഫറൻസിംഗ് സൗകര്യം, ഗതാഗതമേഖലയിൽ മാനേജ്മെന്റ് കാര്യക്ഷമമാക്കൽ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.

നിലവിൽ മൊബൈൽ ടവറുകളിൽ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബർ നെറ്റ് വർക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്റർനെറ്റ്, മൊബൈൽ സേവന ഗുണമേന്മ വർധിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കെ.എസ്.ഇ.ബിയും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.