സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; റേഷന്‍കടയില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രം

തിരുവനന്തപുരം: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണത്തിന്റെ ഭാഗമായി തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കാകും നാളെ സൗജന്യമായി റേഷന്‍ വിതരണം ചെയ്യുക.

വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന്) രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, വെള്ളിയാഴ്ച (ഏപ്രില്‍ മൂന്നിന്) നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ശനിയാഴ്ച (ഏപ്രില്‍ നാലിന്) ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഞായറാഴ്ച (ഏപ്രില്‍ അഞ്ചിന്) എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം.അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Loading...

ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും. ഒരു റേഷന്‍ കടയില്‍ അഞ്ചുപേരെ മാത്രമാവും ഒരു സമയത്ത് അനുവദിക്കുക. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണം ഒരുക്കാന്‍ തേേദ്ദശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവും. മുതിര്‍ന്ന പൗരന്മാര്‍, വീടുകളില്‍ തനിച്ച് താമിക്കുന്നവര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതാണ്. സത്യസന്ധതയോടെ അത് ചെയ്യണം. ജനപ്രതിനിധികള്‍ ചുമതലപ്പെടുത്തുന്നവരെയോ രജിസ്റ്റര്‍ ചെയ്ത സംഘടനകളെയോ മാത്രമെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്തെത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.