ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നോട് പറഞ്ഞിരുന്നെന്ന് സുഹൃത്ത്

കൊല്ലം; ഉത്രയെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവ് സൂരജ് തന്നോട് വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് മൊഴി നല്‍കി. എന്തിനാണ് ഭയക്കുന്നത് എന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍ ആണ് പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെ കുറിച്ചും സൂരജ് പറഞ്ഞതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. മാത്രമല്ല അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിച്ചെന്നും വ്യക്തമായിട്ടുണ്ട്.

സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമായിരുന്നു സൂരജിനെ പോലീസ് പിടികൂടുന്നത്.

Loading...

അതിനിടെ സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം. പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ അവശിഷ്ടം ഇന്നലെ പുനലൂര്‍ കോടതിയുടെ അനുമതിയോടെ തിരുവനന്തപുരത്തെ ലാബിലെത്തിച്ചു. മരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്കും ഇനത്തെ തിരിച്ചറിയാനുമാണിത്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.