തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും ഇന്ധനവില കൂടി

കൊച്ചി: കൊവിഡിനിടയിൽ പൊറുതിമുട്ടി നിൽക്കുന്ന ജനത്തിന് ഇരുട്ടടി നൽകി ഇന്ധനവില. തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. എന്നാല്‍ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴും ഇന്ത്യയില്‍ വില ഉയരുക തന്നെയായിരുന്നു.

Loading...

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചു. ഇതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. കോവിഡ് മഹാമാരി രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.