ഇന്ധനവില; കൊച്ചിയിലും ഡീസൽ സെഞ്ചുറിയടിച്ചു

രാജ്യത്ത് നാലു ദിവസങ്ങൾക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ 25 ദിവസത്തിനിടെ ഡീസലിന് 6.64 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില. കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ 38 പൈസയും 106 രൂപ 67 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 102 രൂപ അഞ്ച് പൈസയും പെട്രോളിന് 108 രൂപയും 13 പൈസയുമാണ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡീസൽ വില 100 കടന്നു.

അതേസമയം എണ്ണ പ്രകൃതി വാതക മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എണ്ണകമ്പനികളുടേയും ശുദ്ധീകരണ ശാലകളുടേയും പാചകവാതക കമ്പനികളുടേയും ഉന്നത തല പ്രതിനിധികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. യോഗത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും കൽക്കരി വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയും പങ്കെടുക്കും.

Loading...