മലയാളത്തിൻറെ മഹാനടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത സിനിമാ നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതൽ ഭൗതികദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.

Loading...

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാടക കളരിയിൽ നിന്നാണ് നെടുമുടി സിനിമയിൽ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ , തകര എന്നീ സിനിമകൾ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.