കുട്ടികള്‍ പല്ലു തേക്കാതെ ചായ കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇവര്‍ക്കെതിരെ നടപടിയുണ്ടാകും;മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് നേരത്തെ തന്നെ വേനലവധി കിട്ടിയെങ്കിലും പുറത്തുപോലും ഇറങ്ങാന്‍ പറ്റാത്ത വിഷമത്തിലാണ് കുട്ടികള്‍. വീട്ടിലാണെങ്കിലും കുറുമ്പു കാണിച്ച് നടന്നത് രക്ഷിതാക്കള്‍ക്കും തലവേദനയാകുന്നു. പലപ്പോഴും കുട്ടികളെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് അനുസരിപ്പിക്കാന്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. അതിന് വേണ്ടി നമ്മള്‍ ചില കള്ളങ്ങളും ഇടയ്ക്ക് പറയാറുണ്ട്. മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിനാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന മടിയും ചെറുതല്ല.

മകന്റെ മടി മാറ്റാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ ജിയോ ജോബി. ജിയോ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പതിവ് വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ സംഭാഷണ ശൈലിയില്‍ ശബ്ദം കൊടുത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സംഭാഷണം ഇങ്ങനെയാണ്,

Loading...

‘ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാണ്ട് ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവേ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരേ നിമയനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്. ഇത് അനുവദിച്ച് തരാൻ പറ്റുന്നതല്ല.

അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കെതിരേ പോലീസ് നിയമപരമായി നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താൻ റിമോർട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്തുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഈയൊരു സമയത്ത് നമ്മളെല്ലാവരും വീട്ടിലിരുന്ന് ഗവൺമെന്റിന്റെ നടപടികളോട് സഹകരിക്കുകയാണ് വേണ്ടത്.

അത് പ്രായമായവരും കുട്ടികളുമൊക്കെ. ഇത്തരം നടപടികളുമായി സഹകരിക്കുന്ന നല്ല മിടുക്കരായ കുട്ടികൾക്ക് ഗവൺമെന്റ് പ്രത്യേക സമ്മാനവും ഏർപ്പെടുത്തുന്നുണ്ട്. അപ്പം അത് വാങ്ങാൻ ഓരോ കുട്ടികളും പരിശ്രമിക്കണം. ഗവൺമെന്റിനെ സഹായിക്കണം. ഇത്രയുമാണ് ഇന്ന് പൊതുവേ പറയാനുള്ളുളത്. നന്ദി, നമസ്കാരം’.

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്,ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി.അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു.Francies Louis ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.എന്ന് കൂടി ജിയോ പറഞ്ഞു വെക്കുന്നു.

ഏതായാലും ആ രസകരമായ വീഡിയോ കാണാം