മോഷണം ‘കുണ്ടാമണ്ടി’, സര്‍വേക്കല്ല് മോഷണത്തിനെതിരേ മന്ത്രി സുധാകരന്‍ പറയുന്നത്

തിരുവനന്തപുരം: സര്‍വേക്കല്ല് മോഷണത്തിനെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ വൈറലായിരുന്നു. കെ ആന്‍സലന്റെ സബ്മിഷന് മന്ത്രി മറുപടി പറയുകയായിരുന്നു അദ്ദേഹം. കരമന-കളിയിക്കാവിള ദേശീയപാതയില്‍ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകള്‍ മോഷ്ടിച്ചവര്‍ക്ക് റോഡെന്തിനെന്നു ചോദിച്ചാണ് മന്ത്രിയുടെ മറുപടി തുടങ്ങിയത്. ഇത്തരം ചീപ്പായ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കുണ്ടാമണ്ടി എന്ന വാക്കു കേട്ടതോടെ കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റ് പ്രതിഷേധവുമായി രംഗത്തെത്തി. മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും വിന്‍സെന്റ് പറഞ്ഞു. ഇതൊന്നും പറഞ്ഞാല്‍ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തര്‍ക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രിയും പറഞ്ഞതോടെ നിയമസഭയില്‍ വാഗ്വാദം മുറുകി. തര്‍ക്കം കൂടിയതോടെ ‘എന്നാല്‍ നിങ്ങള്‍ മറുപടി പറയൂ’ എന്നുപറഞ്ഞ് മന്ത്രി ഇരുന്നു. പിന്നാലെ വിന്‍സെന്റും ഇരുന്നതോടെ മന്ത്രി മറുപടി പുനരാരംഭിച്ചു.

Loading...

”കല്ല് സൂക്ഷിക്കാന്‍ എം.എല്‍.എ.ക്കു പറ്റുമോ..? നാട്ടുകാരെ ആക്ഷേപിച്ചിട്ടില്ല. ഇതിനെയൊന്നും പിന്തുണയ്ക്കരുത്. കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്”-മന്ത്രി പറഞ്ഞു. വഴിമുക്ക് കളിയിക്കാവിള പാതയുടെ കരട് അലൈന്‍മെന്റിന്മേല്‍ നാട്ടുകാര്‍ വേറെ അലൈന്‍മെന്റ് നിര്‍ദേശിച്ചു. ഇതേക്കുറിച്ച് സാധ്യതാപഠന സര്‍വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.

തര്‍ക്കത്തിനിടെ, കല്ലുമോഷണം ‘കുണ്ടാമണ്ടി’യാണെന്നുള്ള മന്ത്രിയുടെ പ്രയോഗം രേഖകളില്‍നിന്ന് നീക്കട്ടേയെന്ന് സഭ നിയന്ത്രിച്ച ഇ എസ് ബിജിമോള്‍ ചോദിച്ചു. അപ്പോള്‍ ‘അതിനെന്താ കുഴപ്പം, തടസ്സം എന്നല്ലേ അര്‍ഥം. അവിടെ കിടക്കട്ടെ’ എന്നായി മന്ത്രി സുധാകരന്‍. നാട്ടുകാരെ അപമാനിക്കരുതെന്നുപറഞ്ഞ് പ്രതിഷേധവുമായി എഴുന്നേറ്റ എം വിന്‍സന്റും മന്ത്രിയുടെ മറുപടി കേട്ടതോടെ ‘സൈലന്റാ’യി.

അതേസമയം മന്ത്രി ജി സുധാകരന് എതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശക്കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്‍കിയ സ്ത്രീയെ മഹിളാഅസോസിയേഷന്‍ ഭാരവാഹിയായി നിയമനം നല്‍കി. സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ജി സുധാകരന്റെ പഴ്സണല്‍ സ്റ്റാഫ് മുന്‍ അംഗവുമായിരുന്ന ഉഷാ സാലിയാണ് മന്ത്രിയ്ക്കെതിരേ രംഗത്തെത്തിയത്. കേസ് കോടതിയുടെ പരിഗണനില്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പു നീക്കങ്ങള്‍. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.

ഉഷ സാലിയെ അമ്പലപ്പുഴ തോട്ടുപ്പള്ളി മേഖല പ്രസിഡന്റായും നിയമിച്ചു. കേസ് പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഉഷാ സാലി പറയുന്നത്. അപകീര്‍ത്തി കേസ് അമ്പലപ്പുഴ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ മന്ത്രി സുധാകരന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സാലിയ്ക്ക് പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങള്‍ നല്‍കിയത് കേസ് ഒതുക്കുന്നതിന്റെ ആദ്യഘട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ജി സുധാകരന്റെ പ്രതികരണം.

2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണന്‍ചിറ ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ ജി സുധാകരന്‍ പൊതുജന മധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ മൈക്കിലൂടെ സംസാരിച്ചുവെന്നാണ് ഹര്‍ജിയിലുള്ളത്. സംഭവ ശേഷം ഉഷാ സാലിയെയും ഭര്‍ത്താവ് സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എഎം സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.