ഒടുവിൽ വാ തുറന്ന് എൻ എസ് എസ്… തെരഞ്ഞെടുപ്പു ഫലം വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള മറുപടി

തെരഞ്ഞെടുപ്പ് വിഷയത്തിൽ ഒടുവിൽ വാ തുറന്ന് എൻ എസ് എസ് തെരഞ്ഞെടുപ്പു ഫലം വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള മറുപടിയാണെന്ന് എൻഎസ്എസ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന്റെ കാരണം ഭൂരിപക്ഷത്തിന്റെ വോട്ട് മറിഞ്ഞതാണ്, മൈനോരിറ്റി കൺസോളിഡേഷനാണ് എന്നൊക്കെയുള്ള വാദങ്ങളെ തള്ളുന്നുമുണ്ട് ലേഖനം.

വിശ്വാസം തന്നെയാണ് പ്രശ്നമായതെന്നും എൻ എസ് എസ് പറഞ്ഞുവെക്കുന്നു. സംഘടനയുടെ മുഖപത്രമായ ‘സർവ്വീസ്’ വാരികയിലെ മുഖപ്രസംഗത്തിലാണ് ഈ പരാമർശം. ശബരിമല വിഷയമാണ് സിപിഎമ്മിന് തിരിച്ചടി നൽകിയതെന്ന് റിപ്പോർട്ട് പറയുന്നുണ്ട്.

ജൂൺ 15ന്റെ ലക്കത്തിലാണ് ലേഖനം.
സിപിഎമ്മിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് എൻഎസ്എസ്സിന്റെ ലേഖനമെന്നത് ശ്രദ്ധേയമാണ്.

ശബരിമല വിഷയത്തില്‍ അനാദരവ് കാട്ടിയപ്പോള്‍ ജാതി മതഭേതമന്യേ വിശ്വാസികള്‍ ഒന്നിച്ചു. മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും ലേഖനം പറയുന്നു.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ ഇടതു സർക്കാർ തെറ്റായ നിലപാടാണ് എടുത്തതെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. ഈ നിലപാടിനെ ചെറുക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്നും വിമർശനമുണ്ട്.

ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി ജയിക്കാനിടയായത് പ്രാദേശികമായ ചില കാരണങ്ങൾ കൊണ്ടാണെന്നും എൻഎസ്എസ് വിലയിരുത്തുന്നു.

ഭരണത്തിന്റെ നന്മതിന്മകളോ രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങളോ തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നതാണ് വസ്തുതയെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.