ഗജേന്ദ്രസിങ്ങിന്റെ ആത്മഹത്യ ആസൂത്രിതമെന്ന് സംശയം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ കര്‍ഷകനായ ഗജേന്ദ്രസിങ് ആത്മഹത്യചെയ്ത സംഭവം ആസൂത്രിതമാണെന്ന സംശയം ഉയരുന്നു. ഗജേന്ദ്രയുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം പോയ സ്ഥലങ്ങളും പരിശോധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ സംശയം ഉയര്‍ന്നത്.

ആത്മഹത്യ ചെയ്ത ദിവസം ഗജേന്ദ്രസിങ് ഫോണ്‍ കോളുകളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം ഗുര്‍ഗാവിലും കുരുക്ഷേത്രയിലും ആയിരുന്നു. 22 ന് രാവിലെ ന്യൂഡല്‍ഹിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ അദ്ദേഹം രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്തു. ടെലിഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിച്ചതനുസരിച്ചാണോ ഗജേന്ദ്ര ഇങ്ങനെ ചെയ്തതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
350180-gajendra-singh-farmer-suicide
സംഭവ ദിവസം സിങ്ങിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും അദ്ദേഹവുമായി ബന്ധമുള്ളവരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജന്തര്‍മന്തറില്‍നിന്ന് സഹോദരിയെ വിളിച്ച സിങ് കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കിടെ അദ്ദേഹം ആരുമായും ടെലിഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിങ് രണ്ട് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. ഫോണ്‍ നമ്പറുകളില്‍ ഒന്ന് അധികമൊന്നും ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതിന്റെ സൂചനകളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹം ആരെയൊക്കെ കണ്ടുവെന്നതിനെക്കുറിച്ച് ഗൗരവമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Loading...