ജോഹന്നാസ്ബർഗ്: പ്രതിമയ്ക്കും വര്‍ണവിവേചനം. വര്‍ണവിവേചനത്തിനു പേരുകേട്ട ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ സ്ഥാപിച്ചിട്ടുള്ള, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതരായ ഒരു സംഘം വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം ഗാന്ധിജി വക്കീൽ വേഷത്തിൽ നിൽക്കുന്ന പ്രതിമയുടെ മേൽ വെള്ള പെയിന്റ് ഒഴിക്കുകയും വംശീയവാദി ഗാന്ധി തുലയട്ടെ എന്ന് ഉറക്കെ വിളിച്ചു പറയുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്ളക്കാർഡുകളും സംഘം ഉയർത്തിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നങ്ങൾ അണിഞ്ഞാണ് അക്രമികൾ എത്തിയത്. പിടിയിലായ ആൾ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കൾ വന്ന് തന്നെ രക്ഷിച്ചു കൊള്ളും എന്നും അയാൾ നിഷേധഭാവത്തിൽ മറുപടി നൽകി. പൊതുമുതൽ നശിപ്പിച്ചതിന് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തു.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1903ൽ ജോഹന്നാസ്ബെർഗിലേക്ക് മാറിയ ഗാന്ധിജി 11 വർഷം അവിടെ താമസിച്ച് അഭിഭാഷകവൃത്തി നടത്തി. പ്രതിമ സ്ഥിതി ചെയ്യുന്ന ട്രാൻസ്പോർട്ട് ഹബ്ബിനെ ദക്ഷിണാഫ്രിക്കൻ സർക്കാർ ഗാന്ധി സ്ക്വയർ എന്ന് പിന്നീട് പുനർനാമകരണം ചെയ്തിരുന്നു. വക്കീലായി ഗാന്ധിജി പരിശീലനം നടത്തിയ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. 1994ൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി ഗാന്ധി പ്രതിമകളാണ് ദക്ഷിണാഫ്രിക്കയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചത്.