കൊച്ചി: കുപ്രസിദ്ധ ഗണ്ടാതലവന്‍ പള്ളുരുത്തി പ്രിയനെതിരെ ഇടക്കൊച്ചിയില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രിയനേയും കൂട്ടു പ്രതികളേയും 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പ്രിയന് നേരിട്ട് പങ്കുണ്ടെന്ന് ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

ഇടക്കൊച്ചിയില്‍ പ്രിയനും കൂട്ടരും പതിവായി ഒത്തുകൂടുന്ന മൈതാനത്ത് ഇരുന്നെന്ന് ആരോപിച്ചാണ് അന്‍വര്‍, അരുണ്‍ എന്നീ യുവാക്കളെ പ്രിയനും സംഘവും കഴിഞ്ഞ ദിവസം വൈകിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ഗുരുതരമായി പരുക്കേറ്റ ഇരുവരും ഇപ്പോഴും ആശുപത്രിയില്‍ചികില്‍സയിലാണ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പള്ളുരുത്തി സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് പ്രിയനെതിരെ വധശ്രമത്തിന് കേസെടുത്തത്.

Loading...

പ്രിയനു പുറമെ സംഘാംഗങ്ങളായ ഡില്‍ബിന്‍, ഉണ്ണികൃഷ്ണന്‍, ശര്‍മ, ഹെംസണ്‍ എന്നിവരും അറസ്റ്റിലാണ്. വധശ്രമക്കേസാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തോപ്പുംപടി ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രിയനേയും കൂട്ടുപ്രതികളെയും സംഭവം നടന്ന പള്ളുരുത്തി വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനത്തെത്തിച്ച് തെളിവെടുത്തിരുന്നു.

പ്രതിഭാഗം നല്‍കിയ ജാമ്യാപേക്ഷ രണ്ടാം തിയ്യതി പരിഗണിക്കുന്നതിലേക്ക് കോടതി മാറ്റിവച്ചു. കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണമടക്കമുളള സംഭവങ്ങളില്‍ആരോപണ വിധേയനായ പ്രിയന്‍ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. എന്നാല്‍ശാശ്വതീകാനന്ദ കേസുകളുമായി ബന്ധപ്പെട്ട് തല്‍ക്കാലം പ്രിയനെ വിശദമായി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം.