മധ്യപ്രദേശില്‍ 2 പെണ്‍കുള്‍ കൂട്ട ബലാത്സംഗത്തിനിരയായി

റേവ: മധ്യപ്രദേശില്‍ രണ്ട്‌ പെണ്‍കുട്ടികളെ 15 ദിവസം 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശില്‍ പീഡനത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി രണ്ട്‌ പെണ്‍കുട്ടികള്‍. വീട്ടില്‍ നിന്ന്‌ കാണാതായ പെണ്‍കുട്ടികള്‍ രണ്ട്‌ ആഴ്‌ചകള്‍ക്ക്‌ ശേഷം നാട്ടില്‍ തിരികെയെത്തിയാണ്‌ തങ്ങള്‍ ദിവസങ്ങളായി കൂട്ട മാനഭംഗത്തിന്‌ ഇരയായതിന്റെയും തുടര്‍ന്നുള്ള രക്ഷപ്പെടലിന്റെയും കഥകള്‍ പുറംലോകത്തെ അറിയിച്ചത്‌.

ഖന്ത്വാ ജില്ലയിലെ രണ്ട്‌ പെണ്‍കുട്ടികളെയാണ്‌ രണ്ട്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ കാണാതായത്‌. നീണ്ട ഇടവേളയ്‌ക്ക് ശേഷം നാട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു എന്ന്‌ വ്യക്‌തമാക്കി. എന്നാല്‍ നാട്ടില്‍ നിന്നും കിട്ടിയ വണ്ടിയില്‍ കയറിയ പെണ്‍കുട്ടികളെ സഹയാത്രികനായ യുവാവ്‌ രക്ഷകനെന്ന പേരില്‍ വഞ്ചിക്കുകയായിരുന്നു.

Loading...

പെണ്‍കുട്ടികളുടെ സാഹചര്യം മനസിലാക്കിയ യുവാവ്‌ ഇരുവര്‍ക്കും ജോലി വാഗ്‌ദാനം ചെയ്‌ത് ഹൊസംഗബാദിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്‌ യുവാവും കൂട്ടാളികളും ചേര്‍ന്ന്‌ ഇരുവരെയും മാനഭംഗത്തിന്‌ ഇരയാക്കി. പിന്നീട്‌ പെണ്‍കുട്ടികളെ സംഘം ഭോപ്പാല്‍, ജബല്‍പൂര്‌, റേവ തുടങ്ങിയ സ്‌ഥലങ്ങളിലെത്തിച്ച്‌ പലര്‍ക്കും കാഴ്‌ചവെച്ചു. ഇതിനിടയില്‍ പെണ്‍കുട്ടികളെ തടവിലിട്ടിരുന്ന മുറി പൂട്ടാന്‍ സംഘം മറന്നത്‌ മുതലാക്കിയ പെണ്‍കുട്ടികള്‍ പ്രദേശത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

നാട്ടിലെത്തിയ പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 15 ദിവസങ്ങളായി തങ്ങളെ 20 പേര്‍ ചേര്‍ന്ന്‌ നാല്‌ സ്‌ഥലങ്ങളിലെത്തിച്ച്‌ പലതവണ മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടികള്‍ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷണമാരംഭിച്ചു.