മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് 14കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നു

മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി 14കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ മീനാക്ഷി എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായശേഷം വെന്ത് മരിച്ചത്. മുസഫര്‍ നഗറിലെ ഇഷ്ടിക കളത്തിന് സമീപത്തെ ഒരു മുറിയില്‍നിന്നുമാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയും മാതാപിതാക്കളും പ്രദേശത്തെ ഒരു ഇഷ്ടിക കളത്തിലാണ് ജോലി ചെയ്തിരുന്നത്. ഇഷ്ടിക കളത്തിന് സമീപത്ത് തന്നെയുള്ള ഒരു സാധാരണ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ജോലി ചെയ്യുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടര്‍ന്ന് പിതാവ് 12കാരനായ സഹോദരനെയും പെണ്‍കുട്ടിയെയും താമസിച്ചിരുന്ന മുറിയിലാക്കിയ ശേഷം അമ്മയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയി.

Loading...

പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്നറിഞ്ഞ ഇഷ്ടിക കളത്തിന്റെ ഉടമയും ആറ് തൊഴിലാളികളും ഈ അവസരം മുതലെടുത്തു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് രണ്ട് പേര്‍ ജോലിക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഏഴുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം താമസിച്ചിരുന്ന മുറിയില്‍വച്ചുതന്നെ ചുട്ടുകൊല്ലുകയായിരുന്നു.

സംഭവത്തില്‍ ഏഴു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി, പോക്സോ, കൊലപാതകം, എസ് സി എസ് ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.