യുപി:ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ വികാസ് ദുബെ കൊല്ലപ്പെട്ടു. രക്ഷപെടാൻ ശ്രമിക്കവെ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ദിവസമാണ് ഇയാളെ മധ്യപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തത്. കാൻപൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ദുബെയുടെ കൊലപാതകം ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തെളിയാതിരിക്കാൻ ആണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ഉത്തരങ്ങൾ തേടാതെ, വിചാരണയ്ക്ക് അവസരം നൽകാതെ ഇൻസ്റ്റന്റ് നീതി നടപ്പാക്കിയ ഉത്തർ പ്രദേശ് പോലീസ് വീണ്ടും സംശയ നിഴലിൽ.
ഇന്ന് രാവിലെയോടെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് യു പി പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ച് അറസ്റ്റിലായ ഇയാളെ കാൻപൂരിലേക്ക് കൊണ്ടുവരികയായിരുന്നു. യാത്രയ്ക്കിടെ കാൻപൂരിന്റെ പ്രാന്ത പ്രദേശത്ത് വച്ച് ദുബെയും കൊണ്ടുള്ള വാഹന വ്യൂഹത്തിൽ ഒന്ന് അപകടത്തിൽപ്പെട്ടു. അവസരം മുതലാക്കി പോലീസ് പിടിയിൽ നിന്ന് രക്ഷപെടാൻ വികാസ് ദുബെ ശ്രമിച്ചു. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ വികാസിന്റെ ഇടത് നെഞ്ചിന്റെ ഭാഗത്ത് വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.ഒപ്പമുണ്ടായിരുന്ന കൂട്ടാളികളെ കൊന്ന പോലീസ് തന്നെയും ഏറ്റുമുട്ടലിൽ വധിക്കും എന്ന് ദുബെയ്ക്ക് ഉറപ്പായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ദുബെ ഉജ്ജയിനിലെ മഹാകാൾ ക്ഷേത്രം അഭയത്തിന് തെരഞ്ഞെടുത്തത്.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. പോലീസ് വാഹനത്തിനെ പിന്തുടർന്ന മാധ്യമങ്ങളെ പോലീസ് തടഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു വികാസ് ദുബെയ്ക്ക് വെടി എൽക്കുന്നത്. ആരാണ് കാൻപൂരിൽ നിന്ന് രക്ഷപെടാൻ സഹായിച്ചത്, ആർക്ക് വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കം നടത്തി തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ദുബെയുടെ മരണം. ഏറ്റുമുട്ടൽ കൊലയിൽ രാഷ്ട്രീയ വിവാദം ഉയർന്നു. അപരാധി അവസാനിച്ചു. അപരാധിക്ക് സംരക്ഷണം നല്കിയവരോ എന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. സർക്കാർ മറിഞ്ഞു വീഴാൻ കാരണമാകുന്ന വെളിപ്പെടുത്തലുകളാണ് ദുബെയുടെ മരണത്തിലൂടെ ഇല്ലാതായത് എന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു.