സംസ്ഥാനത്ത് ചരക്ക് ലോറികളിൽ കഞ്ചാവ് കടത്ത്: കോട്ടയത്ത് നിന്ന് 62 കിലോയും കൊടുങ്ങല്ലൂരിൽ നിന്ന് 80 കിലോ കഞ്ചാവും പിടികൂടി

തൃശ്ശൂർ: ലോക്ക്ഡൗണിനിടയിലും സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 142 കിലോ കഞ്ചാവാണ് ഇന്ന് പിടിച്ചെടുത്തത്. പോലീസ് പരിശോധന കർശനമായതിനാൽ കഞ്ചാവിന്റെ ലഭ്യത വളരെ കുറവാണ് അതുകൊണ്ടു തന്നെ വില കൂടും. ഇതിനാൽ എന്ത് വില കൊടുത്തും കഞ്ചാവ് കടത്തുകയാണ് മാഫിയ. കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങളാണ് ഇക്കൂട്ടർ ഉന്നം വെക്കുന്നത്.

കോട്ടയത്ത് ലോറിയിൽ ഒളിച്ച് കടത്തിയ 62 കിലോ കഞ്ചാവ് പിടികൂടി. ഏറ്റുമാനൂർ പാറോലിക്കലിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചവ് കണ്ടെത്തിയത്. സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ അനികുമാറും പാർട്ടിയും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോറിയിൽ ഉണ്ടായിരുന്ന കോട്ടയം സ്വാദേശികളായ അതുൽ, ആനന്ദ് എന്നിവരാണ് പിടിയിലായത്.

Loading...

കൊടുങ്ങല്ലൂരിൽ 80 കിലോ കഞ്ചാവുമായി നാല് യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സജീവൻ, സന്തോഷ്, യദു, ബിജു എന്നിവരാണ് പിടിയിലായത്. ലോക്ക്ഡൗൺ ഇളവുകൾ പ്രയോജനപ്പെടുത്തി പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസ് പരിശോധന. ഇരിങ്ങാലക്കുടയിൽ പച്ചക്കറി ലോറി പരിശോധിച്ചപ്പോൾ രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. യദു, ബിജു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കഞ്ചാവ് മറ്റൊരു വാഹനത്തിൽ കയറ്റി അയച്ചുവെന്ന് വ്യക്തമായത്. തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് പുല്ലൂറ്റ് നിന്നും പിടികൂടി. 78 കിലോഗ്രാം കഞ്ചാവാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. തമിഴ് നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി കഞ്ചാവ് തൃശ്ശൂരിൽ എത്തിച്ച് ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.