പാചകവാതക വില ഉയര്‍ന്നു; അഞ്ചുമാസത്തിനിടെ 140 രൂപയുടെ വര്‍ധന

ന്യൂഡല്‍ഹി: സബ്‌സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വര്‍ധിച്ചത്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു. തുടര്‍ച്ചയായി അഞ്ചാം മാസമാണ് സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില ഉയരുന്നത്.

ഡല്‍ഹിയില്‍ സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയില്‍ ഇത് 684രൂപയാണ്. കൊല്‍ക്കത്തയിലും ചെന്നൈയിലും വില യഥാക്രമം 747,734 എന്നിങ്ങനെയാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാനമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തി. ഡല്‍ഹിയില്‍ 1241 രൂപയായാണ് ഉയര്‍ന്നത്.

Loading...

തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു കുടുംബത്തിന് സബ്‌സിഡിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും. രാജ്യാന്തര ബെഞ്ച്മാര്‍ക്ക്, വിദേശനാണ്യ വിനിമയ നിരക്ക് എന്നിവയാണ് എല്‍പിജി വിലകളിലെ മാറ്റങ്ങളും, സബ്‌സിഡിയുടെ അളവും നിര്‍ണ്ണയിക്കുന്നത്.