തിരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി

രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു. ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്റെ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതനുസരിച്ച്‌ വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പുതുക്കുന്നതു നീട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വില കൂട്ടിയത്. സബ്സിഡിക്ക് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച വില ബാങ്ക് അക്കൗണ്ടിലൂടെ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനി അധികൃതരുടെ വിശദീകരണം.
എല്ലാ ഒന്നാം തിയതിയും വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്ബനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധന നീട്ടിവെച്ചതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന വിലവര്‍ദ്ധനവും. അതേസമയം ഡല്‍ഹിയില്‍ ജനങ്ങള്‍ തോല്‍പ്പിച്ചതിനുള്ള പ്രതികാരമാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം.

ഇന്നലെ വരെ 704 രൂപ 50 പൈസയായിരുന്നു. ഇതാണ് ഒറ്റയടിക്ക് 850 രൂപയിലേറെ വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 851 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു. 1407 രൂപയാണ് ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോഴാണ് രാജ്യത്ത് എല്‍പിജി വില കുത്തനെ കൂട്ടിയത്. അസംസ്‌കൃത എണ്ണ വില കുറയുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍,ഡീസല്‍ വിലയില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞ പെട്രോള്‍ വില കൊച്ചിയില്‍ 74 രൂപയ്ക്ക് അടുത്തെത്തി. ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ നവംബറിലാണ് അവസാനമായി വില വര്‍ധവുണ്ടായത്. 76 രൂപ 50 പൈസയായിരുന്നു അന്ന് വര്‍ധിപ്പിച്ചിരുന്നത്.

Loading...

അസംസ്‌കൃത എണ്ണവില കുറഞ്ഞിരിക്കെയാണ് പൊതുമേഖല എണ്ണക്കമ്ബനികള്‍ക്ക് എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത് എന്നതും ശ്രദ്ധേയമാണ്. 2022ഓടെ ഓയില്‍ സബ്സിഡി പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിലവര്‍ധിപ്പിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇപ്പോഴത്തെ വിലവര്‍ദ്ധനവോടെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്.