കണ്ണൂര്‍: പാചകവാതക ടാങ്കര്‍ ലോറി ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ കുഴിയിലേക്ക് മറിഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്യാസ് ചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം ഉണ്ടായത്.
മംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍.പി. ഗ്യാസുമായി പോകുകയായിരുന്നു ബുള്ളറ്റ് ടാങ്കര്‍. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ടാങ്കര്‍ തെന്നിവീണത്. റോഡുപണി നടക്കുന്നതിനാല്‍ രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ള റോഡില്‍ എതിരേവന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്തപ്പോള്‍ ലോറി മറിയുകയായിരുന്നു.
ലോറി സുരക്ഷാവേലികള്‍ തകര്‍ത്താണ് കുഴിയിലേക്ക് മറിഞ്ഞത്. ഡീസല്‍ ചോര്‍ന്നിരുന്നു.പയ്യന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയും പരിയാരം പോലീസും സ്ഥലത്തെത്തി ഡീസല്ടാങ്കിലെ ചോര്‍ച്ചയടച്ച് സുരക്ഷ ഉറപ്പാക്കി. ടാങ്കര്‍ ബുധനാഴ്ച രാവിലെ നീക്കുമെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. ടാങ്കര്‍ റോഡില്‍നിന്ന് നീക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടുണ്ട്.