ഗാസ: ഗാസയിലെ പാലസ്തീന് ജനതയ്ക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 26 പാലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച പാലസ്തീന്‍കാരുടെ എണ്ണം 170 പിന്നിട്ടു. കൊല്ലപ്പെട്ടവരില്‍ 41 പേര് കുട്ടികളാണ്.
അഭയാര്‍ത്ഥി ക്യാമ്പ് മുതല്‍ മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ വരെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ കൊല്ലപ്പെട്ട മക്കളുടേയും മക്കള്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടേയും വിലാപങ്ങളാണ് ഗാസയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തയില്‍ നിറയുന്നത്. ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വീഡിയോയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളുടെ നിസ്സഹായ അവസ്ഥ വിവരിക്കുന്ന നദീനെ അബ്ദൈല്‍ എന്ന 10 വയസുകാരിയുടേത്.
“എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എനിക്ക് വെറും 10 വയസ്സ് മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്റെ സമൂഹത്തെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാല്‍ ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്റെ സമൂഹത്തിനായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല’ – ആ പത്ത് വയസുകാരി പറയുന്നു.
എല്ലാ ദിവസവും ഈ കാഴ്ചകളൊക്കെ കണ്ട് ഞാന്‍ കരയുന്നു. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? എന്റെ കുടുംബം പറയുന്നത് ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നദീനെ അബ്ദെല് പറയുന്നു.