ഷെയ്ന്‍ നിഗമിനെ പിന്തുണച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, വിലക്കാന്‍ ആര്‍ക്കും അവകാശമില്ല

ഷെയ്ന്‍ നിഗമിനെ പിന്തുണച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് രംഗത്ത്. ഒരാളെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനോട് തനിക്ക് യോജിപ്പില്ലെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. ആരെയെങ്കിലും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. അതേസമയം താരങ്ങള്‍ കൂടുതല്‍ പ്രൊഫഷണലിസം കാണിക്കണമെന്നും ഗീതു ഒരു മാധ്യമത്തോട് പ്രതികരിക്കവെ വ്യക്തമാക്കി. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മൂത്തോന്‍ സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ഗീതു.

അതേസമയം ഷെയിന്‍ നിഗം വിഷയം ഇപ്പോളും മലയാള സിനിമ ലോകത്ത് സജീവമാണ്. വിവരങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ ഷെയിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുന്നു എന്നാണ് വിവരം. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വേയില്‍ സെറ്റില്‍ തിരികെ എത്തിയ തന്നെ പിന്നീട് ബുദ്ധി മുട്ടിച്ചത് സംവിധായകനും ക്യാമറാ മാനും ആയിരുന്നു എന്നാണ് ഷെയിന്‍ പറഞ്ഞത്. ഇതിന്റെ ഒക്കെ തെളിവുകളും തങ്ങളുടെ കൈവശം ഉണ്ടെന്നും ഷെയിന്‍ പറഞ്ഞിരുന്നു. ഇപ്പൊള്‍ ഷെയിന്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ തള്ളി ചിത്രത്തിന്റെ ക്യാമറാമാന്‍ ഷാസ് മുഹമ്മദ് രംഗത്ത് എത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഷാസിന്റെ പ്രതികരണം.

Loading...

അദ്ദേഹം പറയുന്നത് ഇങ്ങനെ,

‘കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ലോക സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഷാസ് മുഹമ്മദ് എന്ന ക്യാമറാമാന്‍ എന്നാണ്. പെട്ടെന്ന് ഇന്നലെ ഷെയ്ന്‍ ഈ വാക്കുകള്‍ പറഞ്ഞതില്‍ ഞാന്‍ മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യത്തില്‍ വിഷമത്തിലാണ്. ഞാന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാകണം. അയാള്‍ പറയുന്നത് എല്ലാവരും കേള്‍ക്കും. കാരണം അയാള്‍ ഒരു താരം ആണ്. ഞാന്‍ ഒരു ടെക്‌നീഷ്യന്‍ ആണ്. ഞാന്‍ പറയുന്നതും കേള്‍ക്കണം എന്നാണ് എന്റെ അപേക്ഷ. കൃത്യമായ ലോഗ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കയ്യില്‍ ഉണ്ട്. രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്യേണ്ട രംഗങ്ങള്‍ സിംഗിള്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്’.

‘ഞാന്‍ എന്തിനാണ് ഷെയ്‌നിനെ ബുദ്ധിമുട്ടിക്കുന്നത്. ഇത് എന്റെ ആദ്യത്തെ സിനിമയാണ്. അത് നല്ല രീതിയില്‍ പുറത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഷെയ്ന്‍ വളരെ മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവച്ചിരിക്കുന്നതും. പക്ഷേ പ്രശ്‌നങ്ങള്‍ക്ക് കാരണം ഷെയ്‌നിന്റെ സഹകരണം ഇല്ലാത്തത് തന്നെയാണ്. എനിക്ക് കരുതിക്കൂട്ടി ഷെയ്‌നിനെ ബുദ്ധിമുട്ടിക്കാനായി ചെയ്യാവുന്നത് ലൈറ്റും ഫോക്കസുമൊക്കെ മാറ്റി ഷൂട്ട് ചെയ്യുക എന്നതാണ്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ നിന്ന് ഞാന്‍ അത് എങ്ങനെയാണ് ചെയ്യുക. അഥവാ അങ്ങനെ ചെയ്താല്‍ തന്നെ അത് സ്വയം തൊഴിലിനെ കൊല്ലുന്നതിന് സമമല്ലേ. ഷെയ്ന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഛായാഗ്രഹകനായ ഞാന്‍ 16 മുതല്‍ 17 മണിക്കൂര്‍ വരെ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കണ്ടേ. അപ്പോള്‍ മനപൂര്‍വം ഞാന്‍ അങ്ങനെ ചെയ്യുമോ..? വളരെ വിഷമത്തോടെയാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. കാരണം സിനിമയെ അത്രയേറെ സ്‌നേഹിക്കുന്നവരാണ് ഞാനും സംവിധായകന്‍ ശരത് മേനോനും ഒക്കെ’.

ഷെയ്‌നിനെ ഒരു ഇളയ സഹോദരനെ പോലെയാണ് കണ്ടിരുന്നത്. വ്യക്തിപരമായ പല കാര്യങ്ങളും സംസാരിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം പറയുന്നതിനെ എനിക്ക് തടുക്കാനാകില്ല. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഈ വിവാദങ്ങള്‍ക്ക് ഒരു പോംവഴി ഉടന്‍ കണ്ടെത്തണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. കാരണം ഇത് ഷെയ്‌നിന്റെ മാത്രം സിനിമയല്ല. ഞങ്ങളെപ്പോലെ പലരുടെയുമാണ്. ഈ സിനിമ ഇങ്ങനെ മുടങ്ങുന്നതുകാരണം പല പ്രൊജക്ടുകളും എനിക്ക് നഷ്ടമായി, സാമ്പത്തികമായും വ്യക്തിപരമായും ഇത് നഷ്ടങ്ങളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ കഷ്ടപ്പാടിനെ ഓര്‍ത്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് എന്റെ അപേക്ഷ.

ഷെയ്‌നിനോട് അഭ്യര്‍ഥിക്കാനുള്ളത് പരസ്യ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കുറച്ചുകൂടി മയപ്പെടണം എന്നാണ്. കാരണം ഒരു അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ രേഖപ്പെടുത്താന്‍ പോകുന്നത് ഷെയ്‌നിന്റെ പേരിലാകും. അത്ര നല്ല സിനിമയാണ് ഇത്. ഷെയ്ന്‍ അത്ര മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവച്ചതും.