കൊച്ചി: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സമരം മഹാരാജസ് കോളേജ്ജിൽ നടക്കുന്നു. നിന്റെ തിണ്ടാരി തുണികൊണ്ട് ഈ പ്രാവിനു ചിറകു നല്കൂ എന്ന വലിയ സത്യം വിളിച്ചുപറഞ്ഞ് ലിംഗ അസമത്വത്തിനെതിരെ വിദ്യാർഥികൾ സമരത്തിലാണ്. സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ മാറ്റിനിർത്തുന്ന അനീതിക്കെതിരെയാണ് സമരം.
അർത്തവം പാപമാണോ? ശാപമാണോ?..മെൻസസ്, പിരീഡ്സ്, മാസമുറ, ആർത്തവം, നാപ്കിൻ, പാഡ് ഇതൊക്കെ നാണക്കേടിന്റെ വാക്കുകളാണോ? അറപ്പിന്റെ മലയാള പദാവലികളോ?..
ഈ വാക്കുകൾ മഹത്തായ പദങ്ങളാണ്. ഒരു പെൺകുട്ടിയുടെ ചുരിദാറിനു പിറകിൽ രക്തക്കറ ആരേലും കണ്ടാൽ അതിൽ മനം നൊന്ത് പഠനം വരെ നിർത്തുന്നവർ, സഹപാഠികളെ അഭിമുഖീകരിക്കാത്തവർ… പെൺകുട്ടികൾ പോലും ആർത്തവം വരുന്നവരെ അകലത്തിൽ നിർത്തുന്നു. എനിക്ക് ആർത്തവമാണെന്ന് മറ്റുള്ളവരോട് തുറന്നുപറയാനുള്ള ധൈര്യം പെൺകുട്ടികൾക്കും ഉണ്ടാകണം.
ലിംഗ സമത്വം ഇല്ലാത്ത നാട്ടിൽ, ആർത്തവം പാപമാണെന്നു കരുതുന്ന നാട്ടിൽ എങ്ങിനെ സ്ത്രീകൾ സ്വതന്ത്രയാകും?..ഇതാണ് ചോദ്യം. ആർത്തവം ഉണ്ടാകുന്നവരെ ക്ഷേത്ര പടികൾക്ക് പുറത്തുനിർത്തുന്നു. ബസിൽ സീറ്റിലിരുത്താൻ മടിക്കുന്നു, എന്തിനധികം നാടൻ കുറിച്യ വൈദ്യന്മാർ ഇവർക്ക് ഈ കാലത്ത് പരിശോധനയും ചികിൽസയും പോലും വിലക്കുന്നു. കേരളത്തിലെ കാക്കനാട്ട് പ്രസിദ്ധമായ സ്ഥാപനത്തിൽ സ്ത്രീകളെ ആർത്തവ അശുദ്ധി പരിശോധനയ്ക്ക് തുണിയഴിപ്പിച്ച് പരിശോധിക്കുന്നു. ആർത്തവം അത് ജീവനുള്ള ശരീരത്തിന്റെ സൂചനയാണ്. കഴിവിന്റെ അടയാളവും സ്ത്രീത്വ വിശുദ്ധിയുമാണ്. പ്രകൃതി സ്ത്രീക്ക് നല്കിയ ദാനമാണ്.
ആർത്തവം ആശുദ്ധിയെന്നു വിശ്വസിക്കുന്നവരെ , സ്ത്രീ പുരുഷ സമത്വത്തിനെതിരെ ഇന്നും മുഖം തിരിക്കുന്നവരെ, മൂന്നാം ലിംഗക്കാരെ സമൂഹത്തിലെ മൂന്നാം കിട പൗരന്മാരാക്കുന്നവരെ ബോധവൽക്കരിക്കുന്നതിനായി വിദ്യാർഥികൾ നടത്തുന്ന ഏറെ കാലിക പ്രസക്തിയുള്ളതും ബോധപൂർവ്വവുമായ ഒരു ശ്രമം. ” ജെൻഡർ ജസ്റ്റിസ് ‘ എന്ന പേരിൽ എസ് എഫ് ഐ പ്രവർത്തകരായ ഒരുകൂട്ടം വിദ്യാർത്ഥികൾ.
ഇക്കഴിഞ്ഞ 23 ആം തീയതി ആരംഭിച്ച കാംപയിൻ 4 ദിനം പിന്നിട്ടപ്പോൾ, ഒരു കലയാലയം മുഴുവനും ഈ ആശയത്തെ ഏറ്റെടുത്തിരിക്കുകയാണ്. ആർത്തവ ചിന്തകളെ സ്വാധീനിക്കുന്ന, ആർത്തവ അശുദ്ധി എന്ന വിഡ്ഢിത്തത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീ പുരുഷ സമത്വത്തെ പിന്തുണയ്ക്കുന്ന, സ്ത്രീക്കും പുരുഷനും എന്ന പോലെ മൂന്നാം ലിംഗക്കാർക്കും സമൂഹത്തിൽ തുല്യ സ്ഥാനം വേണം തുടങ്ങിയ ആശയങ്ങളുമായി നൂറുകണക്കിന് പോസ്റ്ററുകളാണ് കോളേജ് കാമ്പസിൽ ഇടം പിടിച്ചിരിക്കുന്നത്. പോസ്റ്ററുകൾക്ക് പുറമേ, നാപ്കിനുകളിൽ രേഖപ്പെടുത്തിയ ലിംഗനീതിയുടെ സന്ദേശങ്ങളും കാമ്പസിൽ ഇടം പിടിച്ചു കഴിഞ്ഞു.
ആർത്തവം ഒരു തെറ്റാണോ? ആർത്തവ രക്തം അശുദ്ധമാണോ? ഈ ചോദ്യത്തെ അനുകൂലിക്കുന്നവർ പറഞ്ഞു തരിക , ആർത്തവം എങ്ങനെ ഒരു തെറ്റാകുന്നു എന്നും, ആർത്തവ രക്തം എങ്ങനെ അശുദ്ധമാകുന്നു എന്നും. ജാതി – മത വിശ്വാസങ്ങളുടെ അപ്പുറത്ത്, ശാസ്ത്രീയമായൊരു വിശദീകരണം ലഭിച്ചാൽ ഞങ്ങളും വിശ്വസിക്കാം, ആർത്തവം പെണ്ണിനെ അശുദ്ധയാക്കുന്നു എന്ന്. ഇനി, വ്യക്തമായ ഒരുത്തരം തരാൻ നിങ്ങൾക്കായില്ല എങ്കിൽ ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുക, പ്രത്യുൽപാദന പ്രക്രിയയുടെ നാഡിയായ ആർത്തവം എങ്ങനെ അശുദ്ധിയാകുന്നു? അങ്ങനെയെങ്കിൽ, ആർത്തവത്തിന്റെ അനന്തരഫലമായ കുഞ്ഞുങ്ങളും അശുദ്ധമാണോ? ചോദിക്കുന്നത് കേരളത്തിന്റെ രാജകീയ കലാലയം എന്ന് വിശേഷിപ്പിക്കാവുന്ന മഹാരാജാസിലെ വിദ്യാർത്ഥികളാണ്. “ലിംഗ നീതിയാണ് മനുഷ്യന്റെ നിലനിൽപ്പിന് ആധാരം, എവിടെയാണോ ലിംഗ നീതി നിഷേധിക്കപ്പെടുന്നത് , അവിടെ ആരംഭിക്കുന്നു സ്ത്രീ – പുരുഷ അസ്വാരസ്യങ്ങളുടെ യാത്ര.