ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതത്തില്‍ വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചു

പാരീസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ എയര്‍ബസ് എ320 വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചു. 142 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സ്‌പെയിനിലെ ബാര്‍സിലോനയില്‍ നിന്ന് ജര്‍മനിയിലെ ഡുസല്‍ഡോഫിലേക്കു പോകുകയായിരുന്ന ജര്‍മന്‍ വിങ്‌സ് വിമാനമാണ് തകര്‍ന്നു വീണത്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

142 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9.41നാണ് വിമാനത്തില്‍ നിന്നും അവസാനം സിഗ്‌നല്‍ ലഭിച്ചത്. ജര്‍മന്‍ വിങ്‌സ് എ320 എന്ന ജര്‍മന്‍ വിമാനം തെക്കന്‍ ഫ്രാന്‍സില്‍ ആല്‍പ്‌സ് നിരകളില്‍ തകര്‍ന്നുവീണതായി ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്ഥിരീകരിച്ചു. 142 മുതല്‍ 150 പോര്‍ വരെ വിമാനത്തിലുണ്ടായിരുന്നതായും ഇവര്‍ മരിച്ചിരിക്കാമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് അറിയിച്ചു.

Loading...

അപകടസ്ഥലത്തേയ്ക്ക് രക്ഷാസംഘം യാത്രതിരിച്ചിട്ടുണ്ട്. 2000 അടി ഉയരത്തില്‍ മലമുകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. അതേസമയം, അപകടത്തിനു മുമ്പ് വിമാനം ഉയരുകയും താഴുകയും ചെയ്തിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം 9.39 ഓടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിലുള്ളവരില്‍ ആരും തന്നെ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. അപകട കാരണം വ്യക്തമല്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സും വ്യക്തമാക്കി.

ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍ വിങ്‌സിന്റേതാണ് തകര്‍ന്ന വിമാനം. താരതമ്യേന ചെലവുകുറഞ്ഞ വിമാന സര്‍വീസാണ് ജര്‍മന്‍ വിങ്‌സിന്റേത്.