ബര്‍ലിന്‍: രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്ക്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ തുറന്ന അഭിപ്രായ പ്രകടനം ഇതാദ്യം. അതാകട്ടെ, ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നിലപാടിന് കനത്ത തിരിച്ചടിയുമായി.

ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ഗൗക്കിന്റെ തുറന്ന അഭിപ്രായ പ്രകടനം. ഇനിയെങ്കിലും അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനു ജനപിന്തുണ നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Loading...

ജര്‍മനി ഏര്‍പ്പെടുത്തിയിരിക്കുന്ന അതിര്‍ത്തി നിയന്ത്രണം അനിശ്ചിത കാലത്തേക്കു നീട്ടണമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറും ഇതിനിടെ ആവശ്യപ്പെട്ടു.

2017 അവസാനത്തോടെ യൂറോപ്പില്‍ നാലു മില്യന്‍ അഭയാര്‍ഥികള്‍ എത്തിച്ചേരുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. വര്‍ഷം തോറും 1.3 മില്യന്‍ എന്ന കണക്കിലാണിത്. ഇവരെ യൂറോപ്യന്‍ ജീവിത ശൈലിയുമായി താദാത്മ്യപ്പെടുത്തുക എന്നത് ശ്രമകരമായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.

ജര്‍മനിയില്‍നിന്ന് അഭയാര്‍ഥികളെ നാടുകടത്തുന്നതിന്റെ നിരക്ക് കഴിഞ്ഞ വര്‍ഷം ഇരട്ടിയായിട്ടുമുണ്ട്. അഭയാര്‍ഥിത്വ അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരുടെ മാത്രം കണക്കാണിത്.

ഇതിനിടെ, രാജ്യത്ത് ഇരുപതു വര്‍ഷം മുന്‍പ് ഉന്മൂലനം ചെയ്ത ഡിഫ്തീരിയ രോഗം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത് അഭയാര്‍ഥികള്‍ വഴിയാണെന്ന ഡെന്‍മാര്‍ക്കിന്റെ ആരോപണവും മേഖലയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴി തുറന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത ലിബിയന്‍ അഭയാരര്‍ഥിയാണത്രെ രോഗം വീണ്ടും രാജ്യത്തെത്തിച്ചത്. രോഗം രാജ്യത്തു പടര്‍ന്നു പിടിക്കാനിടയുള്ളതായി ആശുപത്രികള്‍ക്ക് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

അഭയാര്‍ഥികള്‍ പല വിഷയങ്ങളുന്നയിച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതും വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ അസ്വാരസ്യങ്ങള്‍ക്കു കാരണമാകുന്നുണ്ട്. നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയില്‍ ഇരുനൂറോളം പേരടങ്ങുന്ന അഭയാര്‍ഥി സംഘം ജര്‍മന്‍ സര്‍ക്കാരിനെതിരേ പ്രകടനം നടത്തി. അഭയാര്‍ഥിത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഇവിടെ തന്നെ ഒരു അഭയാര്‍ഥി ക്യാംപില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നാരോപിച്ച് ഇവര്‍ നിരാഹാര സമരവും നടത്തുന്നുണ്ട്.