ജന്മദിനത്തിന് കേക്ക് മുറിക്കരുത്, മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കുക: കേന്ദ്രമന്ത്രി

ഹിന്ദുക്കള്‍ കുട്ടികളുടെ ജന്മദിനത്തിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. അതേസമയം കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസം​ഗിക്കുകയായിരുന്നു ഗിരിരാജ്. “സനാതന ധര്‍മ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്കു മധുരം വിതരണം ചെയ്യുകയും വേണം. മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കുക. ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കുകയാണു ചെയ്യേണ്ടത്”, മന്ത്രി പറഞ്ഞു.

Loading...

മിഷനറി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നതെന്നും നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അവര്‍ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തതോടെ തന്റെ രണ്ടു ചിരകാലാഭിലാഷങ്ങൾ പൂർത്തീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ രാഷ്ട്രീയത്തിൽനിന്നു വിരമിക്കാൻ സമയമായെന്നു പറഞ്ഞ അദ്ദേഹം, ജനസംഖ്യാനിയന്ത്രണത്തിനു നിയമംകൊണ്ടുവരുന്ന ദിവസം അതു ചെയ്യുമെന്നും പറഞ്ഞു

ജനസംഖ്യാവളർച്ച നിയന്ത്രിക്കാൻ കാലാമായെന്ന് കഴിഞ്ഞമാസം അദ്ദേഹം പറഞ്ഞിരുന്നു. ജനസംഖ്യാവർധനവിനു കാരണം ചില സമുദായങ്ങളാണെന്ന് ജനുവരിയിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു