മാങ്ങാ തര്‍ക്കം: ഫത്തേപൂരില്‍ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നു

ഫത്തേപൂർ: മാങ്ങ പറിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥന്റെ പ്രായപൂർത്തിയാവാത്ത മകളെ അക്രമികൾ ജീവനോടെ ചുട്ടെരിച്ചു. ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫത്തേപ്പൂരിലെ ഖേഷാൻ സ്വദേശിയായ ശിവ്ഭൂഷണിന്റെ ഇളയമകളെയാണ് ആക്രമികള്‍ ചുട്ടെരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഭൂഷണിന്റെ പറമ്പിലെ മാവിൽ നിന്ന് അനുവാദമില്ലാതെ മാങ്ങ പറിക്കുന്നതിന് അയൽക്കാരിൽ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെ ഭൂഷൺ എതിർത്തു. തുടർന്ന് ഭൂഷണും അയൽക്കാരും തമ്മിൽ തർക്കമുണ്ടായി. ശനിയാഴ്ച ഭാര്യയും മറ്റൊരു മകളും വിവാഹത്തിനു പോയപ്പോൾ മകൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭൂഷൺ തോട്ടത്തിലായിരുന്നു. ആ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ അയൽക്കാർ കുട്ടിയെ മർദ്ദിച്ച് അവശയാക്കുകയും മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുകയുമായിരുന്നെന്ന് ശിവ്ഭൂഷൺ പറഞ്ഞു. ആത്മഹത്യ ചെയ്തെന്ന് വരുത്താൻ വേണ്ടിയാണ് പെൺകുട്ടിയെ കത്തിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.