നിത്യാനന്ദയ്ക്കായി രാത്രികളില്‍ വീഡിയോകള്‍ ചെയ്യേണ്ടി വന്നിരുന്നുവെന്ന് പതിനഞ്ചുകാരി

അഹമ്മദാബാദ്: നിത്യാനന്ദയ്ക്കായി രാത്രികളില്‍ വീഡിയോകള്‍ ചെയ്യേണ്ടി വന്നിരുന്നുവെന്ന് പതിനഞ്ചുകാരി. വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ അതികഠിനമായ മാനസികപീഡനം അനുഭവിച്ചിരുന്നതായി പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ.

മാതാപിതാക്കളുടെ പരാതിയിൽ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടർന്ന് ആശ്രമത്തിൽ നിന്ന് ഒരു മാസം മുമ്പ് മോചിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് ആശ്രമത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Loading...

2013 മേയിലാണ് ഈ പെൺകുട്ടി ആശ്രമത്തിലെ ഗുരുകുലത്തിൽ ചേർന്നത്. എന്നാൽ 2017 മുതൽ ദുർനടപടികളാണ് ആശ്രമത്തിൽ നടന്നുവന്നതെന്നും പെൺകുട്ടി ആരോപിച്ചു.

“നിത്യാനന്ദയ്ക്കായി പ്രചരണപ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നു. അതിലൂടെ ലക്ഷക്കണക്കിന് രൂപ സംഭാവനയിനത്തിൽ ശേഖരിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ മുതൽ എട്ട് കോടി രൂപ വരെ സംഭാവനയായി ലഭിച്ചിരുന്നു”.

അർധരാത്രിയിൽ ഉറക്കത്തിൽ നിന്നെണീറ്റ് നിത്യാനന്ദയ്ക്കായി വീഡിയോകൾ ചെയ്യണമായിരുന്നുവെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. വലിയ ആഭരണങ്ങളണിഞ്ഞും മേക്കപ്പണിഞ്ഞും വീഡിയോകൾക്കായി ഒരുങ്ങിയിരുന്നുവെന്ന് കുട്ടി പറഞ്ഞു. തന്റെ മൂത്ത സഹോദരിയും വീഡിയോകൾ ചെയ്തിരുന്നുവെന്നും നിത്യാനന്ദ നേരിട്ട് നിർദേശങ്ങൾ നൽകിയിരുന്നതായും മാതാപിതാക്കൾക്കെതിരെ മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നതായും പെൺകുട്ടി അറിയിച്ചു.

ആത്മീയകാര്യങ്ങൾക്കെന്നറിയിച്ച് രണ്ട് മാസത്തോളം മുറിക്കുള്ളിൽ അടച്ചിട്ടതായും ആശ്രമവാസികൾ സംസാരിക്കുന്നതിനായി അസഭ്യമായ ഭാഷ ഉപയോഗിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ ആശ്രമത്തിൽ നിന്ന് വിട്ടുകുട്ടണമെന്നാവ്യപ്പെട്ട് പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കുട്ടി ആശ്രമത്തിൽ നിന്ന് പുറത്തെത്തിയത്.

അതേസമയം വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കർണാടകയിൽ ബലാൽസംഗക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കിൽ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആർ.വി അസരി പറഞ്ഞു.

നിലവിൽ, രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന കേസിൽ നിത്യാനന്ദയ്ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുന്നതായി ബെംഗളൂരു സ്വദേശികളായ ദമ്പതിമാർ കഴിഞ്ഞദിവസമാണ് പരാതി നൽകിയത്.

ഇതിനു പിന്നാലെ നിത്യാന്ദയ്ക്കെതിരെ തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടവിൽവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

നിത്യാനന്ദയെ കുറിച്ചുള്ള വിവരങ്ങൾ ഇവരിൽനിന്ന് ശേഖരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.

ജനാർദ്ദന ശർമ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കോടതിയെ സമീപിച്ചത്. 2013ൽ ഇവർ തങ്ങളുടെ ഏഴുമുതൽ 15 വയസുവരെയുള്ള നാല് പെൺകുട്ടികളെ നിത്യാനന്ദയുടെ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു.
എന്നാൽ പിന്നീട് പെൺകുട്ടികളെ അവരുടെ അഭിപ്രായം ചോദിക്കാതെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സർവജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റി. ഇതറിഞ്ഞ് മക്കളെ കാണാനായി അവിടെ എത്തിയെങ്കിലും കാണാൻ അനുവദിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു