തട്ടിക്കൊണ്ടുപോയ ആളില്‍ നിന്ന് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്. ജോര്‍ജിയയിലാണ് 21കാരിയായ ജെയ്ല ഗ്ലാഡന്‍ എന്ന വിദ്യാര്‍ഥിനിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്.കാരള്‍ട്ടണിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു ജെയ്ല. പാര്‍ക്കിങ് ലോട്ടില്‍ വെച്ച് ഒരാള്‍ ജെയ്ലയോട് ലൈറ്റര്‍ ചോദിച്ചു. തന്റെ കൈയിലില്ലെന്ന് ജെയ്ല മറുപടി പറഞ്ഞെങ്കിലും അയാള്‍ ജെയ്ലയെ പിന്തുടരാന് തുടങ്ങി.
കാറിനടുത്തെത്തിയപ്പോള്‍ അയാള്‍ ജെയ്ലയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അവളെ കാറില്‍ കയറ്റി അയാളും കൂടെ കയറി. 50 മൈല്‍ ദൂരെയുള്ള അറ്റ്ലാന്ഡയിലേക്കുള്ള വഴി അറിയാമെങ്കില്‍ പറഞ്ഞുകൊടുക്കാന്‍ അക്രമി ജെയ്ലയോട് ആവശ്യപ്പെട്ടു. കുറച്ചുദൂരം ചെന്ന ശേഷം അക്രമി വാഹനം ആളൊഴിഞ്ഞ പള്ളിക്ക് മുന്നില്‍ നിര്‍ത്തി. തുടര്‍ന്ന് അവളോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ അക്രമി ആവശ്യപ്പെട്ടു. കരഞ്ഞപേക്ഷിച്ച ജെയ്ലയോട് കരഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്നായിരുന്നു അക്രമിയുടെ മറുപടി. കാറിനുള്ളില്‍ വെച്ച് തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു.
അതിന് ശേഷം വീണ്ടും വാഹനവുമായി മുന്നോട്ട് പോയി. ഗ്യാസ് സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജെയ്ല, രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരു ബുദ്ധി പ്രയോഗിച്ചു. ലൊക്കേഷന്‍ കണ്ടെത്താന്‍ ഗൂഗിളില്‍ നോക്കണമെന്നും അതിനായി തന്റെ ഫോണ്‍ നല്‍കണമെന്നും ജെയ്ല അക്രമിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച അക്രമി ഫോണ്‍ നല്കി. ഉടന്‍ തന്നെ ജെയ്ല താന്‍ നില്ക്കുന്ന സ്ഥലം, സുഹൃത്തായ ടാമിര്‍ ബ്രയാന്റിന് ഷെയര്‍ ചെയ്തു. അറ്റ്ലാന്റയിലെന്താ കാര്യമെന്ന് സുഹൃത്ത് തിരിച്ചു ചോദിച്ചപ്പോള്‍ ‘കിഡ്നാപ്ഡ്’ എന്ന സന്ദേശം അവള് അയച്ചു.
കാര്യം മനസിലാക്കിയ സുഹൃത്ത് ഉടന്‍ തന്നെ അറ്റ്ലാന്‍ഡ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തുകയും അക്രമിയെ പിടികൂടുകയും ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധഭോഗം, തടവിലാക്കല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.