തട്ടിക്കൊണ്ടുപോയ പതിനാലുകാരിയെ ട്രെയിനില്‍നിന്നു ചങ്ങനാശേരി പോലീസ് പിടികൂടി മോചിപ്പിച്ചു.

Loading...

ചങ്ങനാശേരി: മാമ്മൂട്ടില്‍നിന്ന് ആസാമിലേക്കു തട്ടിക്കൊണ്ടുപോയ മാമ്മൂട് സ്വദേശിനിയായ പതിനാലുകാരിയെ ട്രെയിനില്‍നിന്നു ചങ്ങനാശേരി പോലീസ് പിടികൂടി മോചിപ്പിച്ചു. ആസാം സ്വദേശിയും വാകത്താനത്തുള്ള ചെരിപ്പുകമ്പനിയിലെ ജീവനക്കാരനുമായ ഋഷി (22), പെണ്‍കുട്ടിയുടെ രണ്ടാനമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോകലിലെ പ്രധാന പ്രതി ആസാം സ്വദേശി നിരഞ്ജ(25)നായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ചങ്ങനാശേരി സിഐ വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ ചിങ്ങവനം എഎസ്‌ഐ ഡേവിഡ്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍കുട്ടിയെയും പ്രതികളെയും തിരുവനന്തപുരം-ഗുവാഹത്തി ട്രെയിനില്‍നിന്ന് ഇന്നലെ രാത്രി 8.30-ന് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

Loading...

മാമ്മൂട് സ്വദേശിനിയായ പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ 9.30-ന് മാമ്മൂട് ജംഗ്ഷനില്‍നിന്ന് തട്ടിക്കൊണ്ടുപോയതായി തൃക്കൊടിത്താനം പോലീസിന് ബന്ധുക്കള്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ചിങ്ങവനം സ്വദേശിനിയായ ഇരുപതുകാരിയെ ഒന്നരമാസംമുന്‍പ് ആസാം സ്വദേശിയായ ഒരു യുവാവ് തട്ടിക്കൊണ്ടുപോയി സീമാജ് എന്ന സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. ഈ കേസന്വേഷണത്തിനായാണ് ചിങ്ങവനം പോലീസ് ഗുവാഹത്തി ട്രെയിനില്‍ കയറിയത്.

ഇതേ ട്രെയിനില്‍ മാമ്മൂട്ടിലെ പെണ്‍കുട്ടിയും ഋഷിയും രണ്ടാനമ്മയും യാത്രചെയ്യുന്നതായി ചങ്ങനാശേരി സിഐക്ക് വിവരം ലഭിച്ചു. ഋഷിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തതില്‍നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. സിഐ ഈ വിവരം ട്രെയിനിലുണ്ടായിരുന്ന പോലീസ് സംഘത്തെ ഉടന്‍തന്നെ അറിയിച്ചു. ഇവര്‍ ട്രെയിനില്‍ നടത്തിയ തെരച്ചിലില്‍ പാലക്കാട്ടുനിന്ന് പെണ്‍കുട്ടിയെയും ഋഷിയെയും പിടികൂടുകയായിരുന്നു.

പോലീസ് ട്രെയിനിലുണ്ടെന്ന വിവരം മനസിലാക്കിയ രണ്ടാനമ്മ മറ്റൊരു കംപാര്‍ട്ട്‌മെന്റിലേക്ക് മാറിയിരുന്നു. രണ്ടാനമ്മയെ കോയമ്പത്തൂരില്‍നിന്നാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ പാലക്കാട് റെയില്‍വേ പോലീസിനു കൈമാറി. ഋഷിയെയും രണ്ടാനമ്മയെയും ചങ്ങനാശേരി സ്‌റ്റേഷനിലേക്ക് ഇന്ന് ഉച്ചയോടെ കൊണ്ടുവരും. പാലക്കാട്ടുനിന്ന് പെണ്‍കുട്ടിയെ പിന്നീട് കൊണ്ടുവരും.

ഋഷിയും രണ്ടാനമ്മയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഋഷിയുടെ മറ്റൊരു സുഹൃത്തായ നിരഞ്ജന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചെന്നൈയിലേക്കു പോയിരുന്നു. ഋഷിയും രണ്ടാനമ്മയും ചേര്‍ന്ന് പതിനാലുകാരിയെ നിരഞ്ജന്റെ അടുത്ത് എത്തിക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നു.  ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.