ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തില്‍ പങ്കെടുക്കണം, ഒടുവില്‍ കലക്ടര്‍ ഇടപെട്ടു

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നും തിരികെ എത്തിയ വിദ്യാര്‍ത്ഥിനിക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് കടുത്ത വാശി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്കാണ് ആരോഗ്യ വകുപ്പിന്റെ വിലക്ക് മറികടന്ന് അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് വാശി. തുടര്‍ന്ന് ജില്ല കലക്ടറും ഡി എം ഒയും സംഭവത്തില്‍ ഇടപെട്ടു. കലക്ടറും ഡി എം ഒയും വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നേരിട്ടെത്ത് ബോധവത്കരണം നടത്തി. ഇതോടെയാണ് വിദ്യാര്‍ത്ഥിനി തന്റെ തീരുമാനത്തില്‍ നിന്നും അയഞ്ഞത്.

ഞായറാഴ്ച വിദ്യാര്‍ത്ഥിനിയുടെ അടുത്ത ബന്ധുവിന്റെ വിവാഹം ആണ് നടന്നത്. ഈ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്‍കൂട്ടി വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നു. പോകില്ലെന്ന് വീട്ടുകാരും ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ ഒരുങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Loading...

അതേസമയം കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറാണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ആയി. ചൈനയില്‍ പോയി വന്ന ആള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില തൃപ്തികരമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധയ്ക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. കൊറോണ സ്ഥിരീകരിച്ച കുട്ടിക്കൊപ്പം എത്തിയ കുട്ടിയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോള്‍ 1793 പേര്‍ നിരീക്ഷണത്തിലാണ്. 70 പേര്‍ ആശുപത്രികളിലും 1723 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്തു നിന്ന് അയച്ച സാംപിളുകളില്‍ ഇത് രണ്ടാമത്തെ സാംപിളാണ് പോസിറ്റീവ് ആകുന്നത്. ആദ്യം കൊറോണ സ്ഥിരീകരിച്ച രോഗി നിലവില്‍ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇയാള്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയാണ്.

രോഗബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. തൃശൂരില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതായിരുന്നു പത്തൊന്‍പതുകാരി. രക്ത സാമ്പിള്‍ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം ലഭിക്കാന്‍ നാല് ദിവസത്തെ താമസമുളളതിനാല്‍ പെണ്‍കുട്ടിയെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടി ആരോഗ്യവതിയാണെന്നും പനിയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.